നെസ്‌ലെ ബേബി ഫുഡിൽ ഉയർന്ന അളവിൽ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന നെസ്‌ലെയുടെ സെറിലാക്ക് അടക്കമുള്ള ബേബി ഫുഡിൽ ഉയർന്ന അളവിൽ പഞ്ചസാര ഉപയോഗിക്കുന്നതായി റിപ്പോർട്ട്. സ്വിസ് ഇൻവെസ്റ്റിഗേറ്റീവ് ഓർഗനൈസേഷനായ പബ്ലിക് ഐയും ഇൻറർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വിൽക്കുന്ന കമ്പനിയുടെ ബേബി ഫുഡ് ഉൽപന്നങ്ങളുടെ സാമ്പിളുകൾ ബെൽജിയൻ ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ജർമനി, ഫ്രാൻസ്, യുകെ തുടങ്ങിയ വികസിത രാജ്യങ്ങളിൽ നെസ്‌ലെ വിൽക്കുന്ന സെറലാക്കിൽ പഞ്ചസാര ചേർത്തിട്ടില്ലെന്നും അതേ ഉൽപന്നത്തിൽ വികസ്വര രാജ്യങ്ങളിൽ പഞ്ചസാര ചേർക്കുന്നുണ്ടെന്നും പബ്ലിക് ഐയുടെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം തങ്ങൾ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും അഞ്ച് വർഷത്തിനുള്ളിൽ 30 ശതമാനം വരെ പഞ്ചസാരയുടെ അളവ് കുറച്ചുവെന്നും നെസ്‌ലെ അവകാശപ്പെട്ടു.

ഇത്തരം ഉൽപന്നങ്ങളുടെ പാക്കേജിങ്ങിൽ ലഭ്യമായ പോഷക വിവരങ്ങളിൽ ചേർത്ത പഞ്ചസാരയുടെ അളവ് പലപ്പോഴും വെളിപ്പെടുത്താറില്ല. ബേബി ഉൽപന്നങ്ങളിൽ അമിതമായി പഞ്ചസാര ചേർക്കുന്നത് അപകടമാണ്. കുട്ടികൾക്ക് മധുരം നൽകുന്നത് പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.

2022ൽ കുട്ടികൾക്കുള്ള ഭക്ഷ്യ ഉൽപന്നങ്ങളിൽ പഞ്ചസാരയും മധുരവും കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. 2022ൽ ഇന്ത്യയിൽ 20,000 കോടിയിലധികം രൂപയുടെ സെറിലാക്ക് ഉൽപന്നങ്ങളാണ് നെസ്‌ലെ വിറ്റത് എന്നാണ് കണക്കുകൾ.

Tags:    
News Summary - Nestlé Baby Food Reportedly Uses High Amounts of Sugar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.