പട്ന: നീറ്റ്-യുജി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജ പരീക്ഷാർത്ഥികളെ എത്തിച്ച് ആൾമാറാട്ടം നടത്തിയ കേസിൽ രണ്ട് എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേരെ ബിഹാർ ഇക്കണോമിക് ഒഫൻസസ് യൂണിറ്റ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ഡോ. രവിശങ്കർ, ഇയാളുടെ സഹോദരൻ അശ്വിനി കുമാർ, മറ്റൊരു വിദ്യാർഥിയായ ഡോ. ഉജ്ജ്വൽ രാജ് എന്നിവരാണ് പിടിയിലായത്.
പട്നയിലെ ആര്യഭട്ട നോളജ് യൂണിവേഴ്സിറ്റിക്ക് സമീപം കെണിയൊരുക്കിയാണ് അന്വേഷണ സംഘം ഇവരെ പിടികൂടിയത്. യഥാർത്ഥ പരീക്ഷാർത്ഥികൾക്ക് പകരം നീറ്റ് പുനഃപരീക്ഷ എഴുതാൻ എത്തിയപ്പോഴാണ് മൂവരും പിടിയിലായത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
നളന്ദ ജില്ലയിലെ പവാപുരിയിലുള്ള മഹാവീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥികളാണ് പിടിയിലായ രവിശങ്കറും ഉജ്ജ്വൽ രാജും. പട്ന മക്‌സൂദ്പൂർ സ്വദേശിയായ രവിശങ്കറിനെതിരെ മുൻപും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ ഭാര്യ മധു പ്രിയയും പരീക്ഷാ തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പരീക്ഷ എഴുതേണ്ട യഥാർത്ഥ ഉദ്യോഗാർത്ഥികളെ കണ്ടെത്തി നൽകുന്ന ചുമതലയായിരുന്നു രവിശങ്കറിന്റെ മൂത്ത സഹോദരൻ അശ്വിനി കുമാറിന്. കിഴക്കൻ ചമ്പാരൻ സ്വദേശിയായ ഉജ്ജ്വൽ രാജിനെതിരെ രാജസ്ഥാനിലെ കോട്ടയിലും ബിഹാറിലെ പൂർണിയയിലും സമാനമായ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. യഥാർത്ഥ പരീക്ഷാർത്ഥികൾക്ക് പകരം പരീക്ഷ എഴുതാൻ ഏഴ് പേരെ ഇയാൾ നേരത്തെ ഏർപ്പാടാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഒളിത്താവളങ്ങളിൽ നടത്തിയ റെയ്ഡിൽ 2.95 ലക്ഷം രൂപയും ആഡംബര കാറും പോലീസ് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.