നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച: മുഖ്യ പ്രതികളെ ചോദ്യം ചെയ്യാൻ സി.ബി.ഐക്ക് അനുമതി

ന്യൂഡൽഹി: നീറ്റ്-യു.ജി 2026 ചോദ്യ പേപ്പർ ചോർച്ച കേസിൽ മൂന്ന് പ്രധാന പ്രതികളെ  ചോദ്യം ചെയ്യാൻ സി.ബി.ഐക്ക് അനുമതി നൽകി ഡൽഹിയിലെ പ്രത്യേക കോടതി. മനീഷ സഞ്ജയ് വാഗ്മാരെ, ധനജ്ഞയ് നിവൃത്തി ലോഖണ്ഡെ, ശുഭം മധുകർ ഖൈർനാർ എന്നീ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന സി.ബി.ഐയുടെ അപേക്ഷ കോടതി പരിഗണിക്കുകയായിരുന്നു.

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലെ ഗൂഢാലോചനയും അതിലെ മറ്റ് പങ്കാളികളെയും കണ്ടെത്തുന്നതിനാണ് കസ്റ്റഡിയിൽവെച്ച് ചോദ്യം ചെയ്യുന്നതെന്ന് സി.ബി.ഐ അറിയിച്ചു. കേസിൽ 13 പേരെയാണ് സി.ബി.ഐ ഇതുവരെ അറസ്റ്റ് ചെയ്തത്. സി.ബി.ഐയുടെ അന്വേഷണത്തിൽ, പരീക്ഷക്ക് മുമ്പ് ചോദ്യപേപ്പർ വിവിധ സംസ്ഥാനങ്ങളിലേക്ക് കൈമാറിയ സംഘടിത ശൃംഖല പ്രവർത്തിച്ചിരുന്നതായി ക​ണ്ടെത്തിയിരുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലായി പ്രവർത്തിച്ചിരുന്ന ഈ നെറ്റ്‍വർക്കിലൂടെ ചോദ്യപേപ്പർ കോച്ചിങ് സെന്ററുകൾ, ഇടനിലക്കാർ, വിദ്യാർഥികൾ എന്നിവരിലേക്ക് എത്തിയെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ശുഭം ഖൈർനാർ ചോദ്യപേപ്പർ ചോർത്തുകയും മറ്റുള്ളവർക്ക് കൈമാറുകയും ചെയ്ത പ്രധാന കണ്ണിയാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. പ്രതികളെ നേരിട്ട് ചോദ്യം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ കണ്ടെത്താനുമാണ് കസ്റ്റഡി ചോദ്യം ചെയ്യൽ ആവശ്യപ്പെട്ടത്.

മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി ചോദ്യപേപ്പർ പരീക്ഷക്ക് മുമ്പുതന്നെ ചോർത്തുകയും വിദ്യാർഥികൾക്കും കോച്ചിങ് സെന്ററുകൾക്കും ലക്ഷത്തിലധികം രൂപക്ക് വിറ്റുവെന്നുമാണ് കേസ്. ചോർത്തിയ ചോദ്യപേപ്പറുകൾ സമൂഹമാധ്യമങ്ങൾ വഴിയും ടെലഗ്രാം ചാനലുകൾ വഴിയുമാണ് വിൽപ്പന നടത്തിയത്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് 22ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതിയ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയിരുന്നു. ജൂൺ 21ന് പുനപരീക്ഷ നടത്താനാണ് എൻ.ടി.എയുടെ തീരുമാനം. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഒഴിവാക്കാനായി വ്യാപക സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചോദ്യപേപ്പർ തയാറാക്കുന്ന വിദഗ്ധരെ പരീക്ഷ അവസാനിക്കുന്നതുവരെ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

Tags:    
News Summary - NEET UG Paper Leak Case Delhi Court Allows CBI To Question 3 Prime Accused In Custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.