ഫയൽ ഫോട്ടോ

നീറ്റ് പരീക്ഷ പേപ്പർ ചോർച്ച: ബിഹാർ ബന്ദ് അനുകൂലിച്ച മുൻ മന്ത്രി തേജ് പ്രതാപ് യാദവിനെ ജയിലിലടച്ചു; രാഷ്‌ട്രീയ പ്രതികാരമെന്ന് തേജസ്വി

പട്ന: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചക്കെരെ വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ബന്ദിനെ പിന്തുണച്ച മുൻ ബിഹാർ മന്ത്രിയും ജൻശക്തി ജനതാദൾ അധ്യക്ഷനുമായ തേജ് പ്രതാപ് യാദവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ശനിയാഴ്ച രാത്രി അറസ്റ്റിലായ തേജ് പ്രതാപിനെ മജിസ്ട്രേറ്റ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് നഗരാതിർത്തിയിലുള്ള ബെയുർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

അറസ്റ്റ് പൂർണമായും നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമാണെന്നും തേജ് പ്രതാപിന്റെ അഭിഭാഷകൻ ജഗന്നാഥ് സിങ് ആരോപിച്ചു. ശനിയാഴ്ച വൈകുന്നേരം 7.30-ഓടെ പട്നയിലെ ഒരു മാളിൽനിന്നാണ് തേജ് പ്രതാപിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഞായറാഴ്ച പുലർച്ചെ 12.15ഓടെ മാത്രമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നടപടിക്രമങ്ങളിലെ ഈ വീഴ്ച ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ജാമ്യാപേക്ഷ നൽകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ശനിയാഴ്ച രാവിലെയും തേജ് പ്രതാപിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. തേജ് പ്രതാപിന്റെ അറസ്റ്റിൽ പ്രതികരിക്കാൻ പൊലീസ് തയാറായിട്ടില്ല.

സഹോദരന്റെ നിയമവിരുദ്ധമായ അറസ്റ്റിനെതിരെ ആർ.ജെ.ഡി വർക്കിങ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി. തേജ് പ്രതാപിനെതിരെ വ്യാജ കേസുകളാണ് ചുമത്തിയിരിക്കുന്നത്. ബന്ദിനെ പിന്തുണച്ച നിരവധി ആർ.ജെ.ഡി എം.എൽ.എമാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ബന്ദ് അനുകൂലികൾക്കെതിരായ എല്ലാ കേസുകളും പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും തേജസ്വി മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ പ്രക്ഷോഭകർക്കെതിരായ കേസുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറായപ്പോഴും ബിഹാറിൽ കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണെന്നും സമ്രാട്ട് ചൗധരി ജനകീയ പിന്തുണയില്ലാത്ത മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തേജ് പ്രതാപ് യാദവിന് ജനസുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറും പിന്തുണ പ്രഖ്യാപിച്ചു. ബങ്കിപ്പൂർ അസംബ്ലി ഉപതിരഞ്ഞെടുപ്പിൽ തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനാലാണ് തേജ് പ്രതാപ് യാദവിനെ ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് പ്രശാന്ത് കിഷോർ ആരോപിച്ചു. ജനസുരാജ് പാർട്ടിയെ പിന്തുണക്കുന്നവരെ പൊലീസും ഭരണകൂടവും വേട്ടയാടുകയാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തേജ് പ്രതാപിന്റെ സിംഗപ്പൂരിലുള്ള സഹോദരി രോഹിണി ആചാര്യയും സംഭവത്തെ രൂക്ഷമായി വിമർശിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് സഹോദരനെ അറസ്റ്റ് ചെയ്തതെന്നും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് കുറ്റമാണോയെന്നും എക്സിലൂടെ അവർ ചോദിച്ചു.

ലാലു പ്രസാദ് യാദവ് നേതൃത്വം നൽകുന്ന ആർ.ജെ.ഡിയിൽനിന്ന് പുറത്താക്കപ്പെട്ട തേജ് പ്രതാപ്, നിലവിൽ സ്വന്തം പാർട്ടി രൂപവത്കരിച്ച് പ്രവർത്തിക്കുകയാണ്

Tags:    
News Summary - NEET paper leak: Former minister Tej Pratap Yadav arrested for supporting Bihar bandh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.