ഖജനാവിൽ സമ്മർദം; 79,219 കോടിയുടെ പ്രഖ്യാപനവുമായി വിജയ് സർക്കാർ

ചെന്നൈ: അധികാരത്തിലെത്തി ആദ്യ ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ വൻ പദ്ധതികളുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. അടിസ്ഥാനസൗകര്യം, വൈദ്യുതി, ക്ഷേമം, കർഷകസഹായം തുടങ്ങിയ മേഖലകളിലായി 79,219.06 കോടി രൂപയുടെ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനകം തന്നെ വൻ കടബാധ്യതയിലും മറ്റും നട്ടംതിരിയുന്ന സംസ്ഥാനത്തിന് പുതിയ ചെലവുപദ്ധതികൾ കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

28 ദിവസം നീണ്ട ബജറ്റ് സമ്മേളനത്തിൽ 17 പ്രധാന പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തിയത്. വൈദ്യുതി-ട്രാൻസ്മിഷൻ അടിസ്ഥാനസൗകര്യത്തിന് 33,066 കോടി രൂപ, തൂത്തുക്കുടി സൂപ്പർക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റിന് 20,800 കോടി, റോഡ്-അടിസ്ഥാനസൗകര്യ വികസനത്തിന് 11,000 കോടി, നഗര റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 1,850 കോടി, പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയത്തിന് 1,200 കോടി രൂപ എന്നിവയാണ് അനുവദിച്ചിട്ടുള്ളത്. ആകെ 57,703 കോടി രൂപ മൂലധന, അടിസ്ഥാനസൗകര്യ നിക്ഷേപമായാണ് കണക്കാക്കുന്നത്.

അതേസമയം സംസ്ഥാനത്തിന്റെ കടബാധ്യതയും മറ്റും ഉയർന്ന സാഹചര്യത്തിൽ ഇത്രയും വലിയ ചെലവുപദ്ധതികൾ കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് പ്രതിപക്ഷം വിമർശിച്ചത്. സംസ്ഥാനത്തിന്റെ ആകെ കുടിശ്ശിക കടം 10.98 ലക്ഷം കോടി രൂപയും ഖജനാവിൽ 1.21 ലക്ഷം കോടി രൂപ കുറവുമുണ്ട്. നടപ്പ് സാമ്പത്തിക വർഷം 1.73 ലക്ഷം കോടി രൂപ വായ്പയെടുക്കാനാണ് സർക്കാർ തീരുമാനം. റവന്യൂ കമ്മി 55,775 കോടി രൂപയും മുൻ വായ്പകളുടെ പലിശയിനത്തിലെ ബാധ്യത 78,683 കോടി രൂപയുമാണ്.

ധനസ്ഥിതി പ്രയാസകരമാണെങ്കിലും തിരിച്ചുവരവിന്റെ സൂചനകളുണ്ടെന്ന് ധനകാര്യ സെക്രട്ടറി എം.എ. സിദ്ദീഖ് പറഞ്ഞു. അധികമായി 15,000 കോടി രൂപ കണ്ടെത്താൻ സാമ്പത്തിക ഉപദേശക സമിതിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ടത്രെ. എന്നാൽ പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ സമുച്ചയത്തിനായി 1,200 കോടി രൂപ ചെലവഴിക്കുന്നതടക്കമുള്ള പദ്ധതികൾക്കെതിരെ എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി. ടി.വി.കെ സർക്കാർ സാമ്പത്തിക ഏകീകരണത്തിന് ശ്രമിക്കാതെ വൻതോതിൽ കടമെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുൻ ധനമന്ത്രി തങ്കം തെന്നരസുവും ബജറ്റിനെ വിമർശിച്ചു. സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും നൽകിയ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്.

 
Tags:    
News Summary - Tamil Nadu Budget Raises Debt Concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.