ഫയൽ ചിത്രം
'മനുഷ്യാവകാശം വിറ്റുള്ള ചർച്ചകൾ വേണ്ട'; മൈസൂരുവിൽ ഷി ജിൻപിങിനെതിരെ ടിബറ്റൻ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ റാലി
മൈസൂരു: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഇന്ത്യാ സന്ദർശനത്തിലും ബ്രിക്സ് ഉച്ചകോടി പങ്കാളിത്തത്തിലും പ്രതിഷേധിച്ച് ടിബറ്റൻ യൂത്ത് കോൺഗ്രസ് കർണാടകയിലെ മൈസൂരുവിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഹുൻസൂർ, ബൈലക്കുപ്പ തുടങ്ങിയ പ്രമുഖ ടിബറ്റൻ സെറ്റിൽമെന്റുകളിൽ നിന്നുള്ള നൂറുകണക്കിന് ടിബറ്റൻ അഭയാർത്ഥി യുവാക്കളാണ് പ്ലക്കാർഡുകളും ടിബറ്റൻ ദേശീയ പതാകകളും ഏന്തി റാലിയിൽ അണിനിരന്നത്. ടിബറ്റിൽ ചൈന തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ബ്രിക്സ് അംഗരാജ്യങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഉച്ചകോടി വേദിയിൽ വിഷയം ചർച്ച ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.
ടിബറ്റിന്റെ തനതായ സാംസ്കാരിക, മത, ഭാഷാ ഐഡന്റിറ്റിയെ തകർക്കുന്ന വിധത്തിലാണ് ബെയ്ജിങ് ഭരണകൂടം നയങ്ങൾ നടപ്പിലാക്കുന്നതെന്ന് ടിബറ്റൻ യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. സാമ്പത്തികവും നയതന്ത്രപരവുമായ കൂട്ടായ്മകൾ മനുഷ്യാവകാശങ്ങളെ ബലികഴിച്ചുകൊണ്ടാകരുതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ദലൈലാമയുടെ അടുത്ത പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള പൂർണ അവകാശം ടിബറ്റൻ ബുദ്ധമത പാരമ്പര്യത്തിനാണെന്നും അതിൽ ചൈനീസ് സർക്കാർ കൈകടത്തരുതെന്നും അവർ വ്യക്തമാക്കി. 1995 മുതൽ തടവിലാക്കപ്പെട്ട 11-ാമത് പഞ്ചൻ ലാമ ഉൾപ്പെടെയുള്ള ടിബറ്റൻ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ടിബറ്റൻ പീഠഭൂമിയിലെ അനിയന്ത്രിതമായ ഖനനം, വൻകിട അണക്കെട്ട് നിർമാണങ്ങൾ, നദി തിരിച്ചുവിടലുകൾ എന്നിവ പരിസ്ഥിതി നാശത്തിനും ഏഷ്യയിലെ താഴേത്തട്ടിലുള്ള നദീതീര ജനങ്ങൾക്ക് വൻ സുരക്ഷാ ഭീഷണിക്കും കാരണമാകുന്നുണ്ടെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള ജീവനാഡിയായ നദികളുടെ സ്രോതസ്സായ ടിബറ്റിലെ ഇത്തരം ഇടപെടലുകൾ ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെയും ജലസുരക്ഷയെ ബാധിക്കുമെന്നും അതിനാൽ ഇന്ത്യയും ബ്രിക്സ് രാജ്യങ്ങളും ചൈനീസ് നേതൃത്വത്തോട് ഈ ആശങ്കകൾ നേരിട്ട് പങ്കുവെക്കണമെന്നും റാലിയിലൂടെ ടിബറ്റൻ യുവജന സംഘടന ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.