ശിവ

മുംബൈയിൽ പൂച്ചകൾ തുടർച്ചയായി കൊല്ലപ്പെട്ട സംഭവം; ഒരാൾ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ ചെമ്പൂരിലെ പഞ്ജ്രാപോൾ മേഖലയിൽ പൂച്ചകൾ തുടർച്ചയായി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ ആർ.സി.എഫ് പൊലീസ് അറസ്റ്റ് ചെയ്തു. ശിവ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ആറ് പൂച്ചകളിലധികം കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പഞ്ജ്രാപോൾ മേഖലയിലും സമീപപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞ് നടക്കാറുള്ളയാളാണ് ശിവയെന്നാണ് പൊലീസ് പറയുന്നത്. കമാവാഡി, പഞ്ജ്രാപോൾ, ശനി മന്ദിർ മേഖലകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് ഇയാളെ പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

ആഗസ്റ്റ് പകുതി മുതൽ പ്രദേശത്ത് പൂച്ചക്കുട്ടികളടക്കം 20 പൂച്ചകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർച്ചയായ സംഭവങ്ങൾ പ്രദേശവാസികളിലും മൃഗസ്നേഹികളിലും ആശങ്കക്കിടയാക്കിയിരുന്നു. എന്നാൽ ഈ മരണത്തിൽ എല്ലാത്തിലും ശിവക്ക് ബന്ധമുണ്ടെന്ന കാര്യം അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്ന് മൃഗാവകാശ സംഘടനയായ പെറ്റ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അടുത്തിടെ ആറ് പൂച്ചകളെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. പ്രദേശത്ത് തെരുവ് പൂച്ചകൾക്ക് ഭക്ഷണം നൽകാറുള്ള റുബീന പത്താനാണ് ഇവയെ കണ്ടെത്തിയത്. തുടർന്ന് ഇവരുടെ പരാതിയിൽ ആർ.സി.എഫ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 325-ാം വകുപ്പ് ഉൾപ്പെടെ 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

പൂച്ചകളെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ശിവയുടെ മാനസികനില സംബന്ധിച്ച കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് നടന്ന മറ്റ് പൂച്ചക്കൊലകളിലും ഇയാൾക്ക് പങ്കുണ്ടോയെന്നും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

Tags:    
News Summary - Mumbai Cat Killing Suspect Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.