സഹായത്തിനായി പ്രധനമന്ത്രിയെകണ്ട് ബാല്യകാല സുഹൃത്ത്; ബി.ജെ.പി എം.എൽ.എയുമായി ബന്ധപ്പെട്ട ഭൂമി കേസിൽ അന്വേഷണം വേണമെന്ന് ആവശ്യം
ഗുവാഹത്തി: ഗുജറാത്തിലെ വഡ്നഗറിലെ സ്കൂളിൽ ഒരുമിച്ച് പഠിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യർത്ഥിച്ച് 81 കാരനായ വയോധികൻ. വർഷങ്ങളായി നീണ്ടുനിൽക്കുന്ന ഭൂമി തർക്കത്തിൽ നീതി തേടിയാണ് അസ്ഗറലി വോറ എന്ന വയോധികൻ പ്രധാനമന്ത്രിയെ നേരിൽ കണ്ടത്. മഹാരാഷ്ട്രയിൽ തനിക്കുള്ള ഭൂമിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.
വഡ്നഗറിലെ ബി.എൻ. സ്കൂളിൽ നരേന്ദ്ര മോനിക്കൊപ്പം പഠിച്ച സഹപാഠിയാണ് അസ്ഗറലി വോറ. സെപ്റ്റംബർ 8-ാം തീയതി ചൊവ്വാഴ്ചയാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്. വർഷങ്ങളായി അനുഭവിച്ചുവരുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചുള്ള അദ്ദേഹത്തിന്റെ അപേക്ഷയിൽ പ്രധാനമന്ത്രി അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ കൂടിക്കാഴ്ചക്ക് ശേഷം തനിക്ക് നീതി ലഭിക്കുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷയുണ്ടെന്ന് അസ്ഗറലി വോറ പ്രതികരിക്കുകയുണ്ടായി.
1989-ൽ മഹാരാഷ്ട്രയിലെ ഭയന്ദർ ഈസ്റ്റിലുള്ള നവ്ഘർ പ്രദേശത്ത് ഏകദേശം 2,810 ചതുരശ്ര മീറ്റർ ഭൂമി വോറ രജിസ്റ്റർ ചെയ്ത കരാറിലൂടെ നിയമപരമായി വാങ്ങിയിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം 2011-ൽ ഈ ഭൂമി ചിലർ കയ്യേറിയെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ബി.ജെ.പി എം.എൽ.എ നരേന്ദ്ര മേത്തയുമായി ബന്ധമുള്ള സ്വയം ബിൽഡേഴ്സ്, സെവൻ ഇലവൻ കൺസ്ട്രക്ഷൻസ് എന്നീ കമ്പനികൾ വ്യാജരേഖകൾ ചമച്ച് ഭൂമി കയ്യേറുകയും പ്ലോട്ട് രണ്ടായി വിഭജിച്ച് ഇരു സ്ഥാപനങ്ങളുടെയും പേരിൽ വ്യാജമായി രജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പരാതിപ്പെടുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് 2015-ൽ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കേസ് ഇതുവരെ കോടതിയുടെ പരിഗണനയിൽ നീണ്ടുപോവുകയാണ്. റവന്യൂ വകുപ്പുകളെയും പൊലീസിനെയും മുനിസിപ്പൽ അധികാരികളെയും നിരവധി തവണ സമീപിച്ചിട്ടും നീതി വൈകിയതിനെത്തുടർന്നാണ് അദ്ദേഹം ഒടുവിൽ തന്റെ പഴയകാല സുഹൃത്തായ പ്രധാനമന്ത്രിയുടെ സഹായം തേടാൻ തീരുമാനിച്ചത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഭരണകേന്ദ്രങ്ങളും വിഷയത്തിൽ ഗൗരവകരമായി ഇടപെടാൻ തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബർ 16-ന് ഇരു കൺസ്ട്രക്ഷൻ കമ്പനികളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രാദേശിക മുനിസിപ്പൽ ഭരണകൂടം ഔദ്യോഗികമായ ഹിയറിങ് നിശ്ചയിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.