തിരുവനന്തപുരം: ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ എസ്.എഫ്.ഐ ഏജീസ് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡും ഓഫിസ് ഗേറ്റും മറികടന്ന് കോമ്പൗണ്ടിൽ പ്രവേശിച്ച എസ്.എഫ്.ഐക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
വൈകിട്ട് നാലരയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രകടനമായെത്തിയത്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ബാരിക്കേഡ് മറികടന്ന പ്രവർത്തകർ കന്റോൺമെന്റ് റോഡ് ഭാഗത്തുള്ള ഗേറ്റ് തള്ളിത്തുറന്ന് ഏജീസ് ഓഫിസ് കോമ്പൗണ്ടിൽ തള്ളിക്കയറി. ഇവരെ പ്രതിരോധിക്കാൻ പൊലീസ് നടത്തിയ ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു. ഓഫിസിനകത്ത് കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞു.
ഓഫിസ് വളപ്പിൽനിന്ന് തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗം അരുൺ ഷിബുവിനെ കസ്റ്റഡിയിലെടുത്തു. അരുണിനെ വിട്ടുകിട്ടാതെ പിന്നോട്ടില്ലെന്ന മുദ്രാവാക്യവുമായി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തി. സ്റ്റേഷൻ പരിസരത്ത് മുദ്രാവാക്യവുമായി പ്രവർത്തകരെത്തിയതോടെ അരുണിനെ വിട്ടയച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച ജില്ല കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.