കോയമ്പത്തൂർ: നീറ്റ് പരീക്ഷ ആൾമാറാട്ടക്കേസിൽ തമിഴ്നാട് സി.ബി.സി.െഎ.ഡി പൊലീസ് അറസ്റ്റ് ചെയ്തവരിൽ മലയാളി വിദ്യാർഥിയും. എസ്.ആർ.എം മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ തൃശൂർ സ്വദേശി രാഹുൽ, പിതാവ് ഡേവിസ് എന്നിവരാണ് അറസ്റ്റിലായത്. ഇടനിലക്കാ രനായി പ്രവർത്തിച്ച പരിശീലനകേന്ദ്രം നടത്തിപ്പുകാരനായ തിരുവനന്തപുരം സ്വദേശി ജോർജ് ജോസഫിന് 20 ലക്ഷം രൂപ കൈമാറിയതായാണ് പൊലീസിന് ഇവർ മൊഴിനൽകിയത്. രാഹുലിനുവേണ്ടി ഡൽഹിയിലെ പരീക്ഷകേന്ദ്രത്തിലാണ് പരീക്ഷയെഴുതിയത്.
ഇത്തരത്തിൽ അനധികൃതമായി വിദ്യാർഥികൾ പ്രവേശനം നേടിയ നാല് മെഡിക്കൽ കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് സി.ബി.സി.െഎ.ഡി പൊലീസ് സമൻസയച്ചു. തിങ്കളാഴ്ച തേനി സി.ബി.സി.െഎ.ഡി ഒാഫിസിൽ ഹാജരാവാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതി തമിഴ്നാട്ടിലെ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികളുടെയും സർട്ടിഫിക്കറ്റുകളും രേഖകളും പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു.
ഇതുവരെ ഉദിത്സൂര്യ, പ്രവീൺ, അഭിരാമി, രാഹുൽ എന്നീ വിദ്യാർഥികളും ഇവരുടെ രക്ഷിതാക്കളും ഏജൻറും ഉൾപ്പെടെ മൊത്തം എട്ടുപേരാണ് അറസ്റ്റിലായത്. ആൾമാറാട്ടം നടത്തി ധർമപുരി മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ഇമ്രാൻ ഒളിവിലാണ്. അതേസമയം, പരീക്ഷ നടത്തിയ നാഷനൽ ടെസ്റ്റിങ് ഏജൻസിയോ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയോ ഇതുവരെ പ്രതികരിക്കാത്തത് വിവാദമായിട്ടുണ്ട്. വരുംവർഷങ്ങളിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം പോലുള്ള തട്ടിപ്പുകൾ നടക്കാതിരിക്കാൻ മുൻകരുതലെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സേലത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.