എ​ൻ.​ഡി.​എ​ക്ക് നാ​ലി​ൽ മൂ​ന്ന് ഭൂ​രി​പ​ക്ഷം, തേ​ജ​സ്വി​യു​ടെ​ സ്വ​പ്നം പൊ​ലി​ഞ്ഞു; കോൺഗ്രസിന് ആറു സീറ്റ് മാത്രം, ഇ​ട​തു​ക​ക്ഷി​ക​ൾ​ക്കും പ്ര​ഹ​രം

പട്ന: പ്രതിപക്ഷ സഖ്യത്തിന്റെ സ്വപ്നങ്ങൾ തകർത്ത് ബിഹാറിൽ വൻ വിജയം നേടി എൻ.ഡി.എ. 243 നിയമസഭ സീറ്റുകളിൽ 202 ഇടങ്ങളിൽ മികച്ച ലീഡോടെയാണ് ജയം. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ആർ.ജെ.ഡിയും കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടുന്ന മഹാസഖ്യം 35 സീറ്റിന് മുകളിലേക്ക് നേടിയില്ല. ആർ.ജെ.ഡി 25ഉം കോൺഗ്രസ് ആറും ഇടത് പാർട്ടികൾ മൂന്നും സീറ്റുകളിലാണ് മുന്നിലെത്തിയത്.

ഏറെ പിരിമുറുക്കുങ്ങൾക്കുശേഷമാണ് പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിനുപോലും ജയം ഉറപ്പിക്കാനായത്. മത്സരിച്ച 101 മണ്ഡലങ്ങളിൽ 89 ഇടത്തും ബി.ജെ.പി മുന്നേറി. നിതീഷ് കുമാറിന്റെ ജെ.ഡി (യു)വും 2020മായി താരതമ്യം ചെയ്യുമ്പോൾ ഗംഭീര നേട്ടമുണ്ടാക്കി. അന്ന് 43 സീറ്റുകളിൽ ഒതുങ്ങിയ ജെ.ഡി (യു), ഇത്തവണ 85 സീറ്റുകളിൽ മുന്നേറി. 19 ആണ് വോട്ടുശതമാനം.

രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന ബി.ജെ.പിയുടെ അവകാശവാദത്തിന് കരുത്തുപകരുന്നതാണ് വിജയം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പരിക്കുകൾ ഭേദമാക്കാനും ഇത് ഉപകരിക്കും. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ വിജയത്തിന് പിന്നാലെയാണ് എൻ.ഡി.എ ബിഹാറിലും അധികാരം ഉറപ്പിക്കുന്നത്.

താൻ പ്രധാനമന്ത്രി മോദിയുടെ ഹനുമാനാണെന്ന് സ്വയം പ്രഖ്യാപിച്ച കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്റെ എൽ.ജെ.പി ആകെ നിർത്തിയത് 28 സ്ഥാനാർഥികളെയാണ്. അതിൽ ഒരാളുടെ പത്രിക തള്ളിപ്പോയിരുന്നു. ഇവർ 19 ഇടങ്ങളിൽ മുന്നേറുകയാണ്. 122 സീറ്റ് ലഭിച്ചാൽ ബിഹാറിൽ സർക്കാറുണ്ടാക്കാം.

തെരഞ്ഞെടുപ്പ് കമീഷന്റെ വിവാദ പരിഷ്‍കരണശേഷം വോട്ടർപട്ടികയിൽനിന്ന് ലക്ഷക്കണിക്കാനാളുകൾ പുറത്തുപോയതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ ഉയർന്ന രാഷ്ട്രീയ വിവാദങ്ങൾ ഏറെയാണ്. വരാനിരിക്കുന്ന പശ്ചിമ ബംഗാൾ, അസം തെരഞ്ഞെടുപ്പുകളിലും വോട്ടർപട്ടിക തീവ്ര പരിഷ്‍കരണം പ്രധാന ചർച്ചയാകും.അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് അഞ്ചു സീറ്റുകളോടെ തൽസ്ഥിതി നിലനിർത്തി. ഇവർ 32 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ ഒരു സ്ഥാനാർഥിയും വിജയിച്ചില്ല.

വിജയം ഉറപ്പിച്ചതോടെ സംസ്ഥാനത്തെ ബി.ജെ.പി, ജെ.ഡി (യു) പ്രവർത്തകർ പടക്കം പൊട്ടിച്ചും ബാന്റുമേളമൊരുക്കിയും ആഹ്ലാദനൃത്തം ചവിട്ടി. നിതീഷ് കുമാറിന്റെ വീടിന് മുന്നിൽ, ‘ടൈഗർ അഭി സിന്ദാ ഹെ’ എന്ന അടിക്കുറിപ്പുമായി സ്ഥാപിച്ച ചിത്രത്തിനൊപ്പം ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു പ്രവർത്തകർ. 

സദ്ഭരണത്തിന്റെ വിജയം -മോദി

ബിഹാറിൽ എൻ.ഡി.എ കൈവരിച്ചത് സദ്ഭരണത്തിന്റെയും ജനക്ഷേമ താൽപര്യത്തിന്റെയും സാമൂഹിക നീതിയുടെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തെയും പ്രവർത്തകരെയും കൂടാതെ സഖ്യകക്ഷികളായ ജെ.ഡി-യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, എൽ.ജെ.പി-ആർ.വി നേതാവ് ചിരാഗ് പാസ്വാൻ, എച്ച്.എ.എം.എസ് നേതാവ് ജിതൻ റാം മാഞ്ചി, ആർ.എൽ.എം നേതാവ് ഉപേന്ദ്ര കുശ്‍വാഹ എന്നിവരെ മോദി അഭിനന്ദിച്ചു.ബിഹാറിലെ കുടുംബാംഗങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു.

തലകുനിക്കുന്നു -നിതീഷ് കുമാർ

വൻ വിജയം സമ്മാനിച്ച് സംസ്ഥാനത്തെ ജനങ്ങൾ ഞങ്ങളുടെ സർക്കാറിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. വോട്ടർമാർക്ക് മുന്നിൽ ഈ നിമിഷം ഞാൻ തലകുനിക്കുന്നു; എല്ലാവർക്കും നന്ദി. സംസ്ഥാന സർക്കാറിന് പിന്തുണ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി.’ 

Tags:    
News Summary - NDA gets three-fourths majority in Bihar Election; Tejashwi's dream shattered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.