ബഹിരാകാശ ശാസ്ത്രത്തെ വേദങ്ങളുമായി ബന്ധിപ്പിച്ചു; ചന്ദ്രയാൻ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും മോദിക്ക് നൽകി എൻ.സി.ഇ.ആർ.ടിയുടെ പുസ്തകം

ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ ചാന്ദ്രയാൻ 3 വിക്ഷേപണ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം വിജയമായി മാറ്റി എൻ.സി.ഇ.ആർ.ടി. ചന്ദ്രയാനെ കുറിച്ച് പ്രത്യേക പതിപ്പ് എൻ.സി.ഇ.ആർ.ടി പുറത്തിറക്കിയിരുന്നു. അതിലാണ് ചന്ദ്രയാൻ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും മോദിക്ക് നൽകുന്നത്. ബഹിരാകാശ ശാസ്ത്രത്തെ പുരാണവുമായും പുസ്തകത്തിൽ ബന്ധിപ്പിക്കുന്നുണ്ട്.

ഓരോ പരീക്ഷണവും പരാജയപ്പെട്ടപ്പോഴും ഐ.എസ്.ആർ.ഒ തളർന്നില്ല. ഒരിക്കൽ കൂടി വിക്ഷേപണം നടത്താൻ പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടപ്പോഴാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത് എന്നാണ് പുസ്‍തകത്തിൽ വിവരിക്കുന്നത്. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്കായി തയാറാക്കിയ പുസ്‍തകത്തിലാണ് ഇതുൾപ്പെടുത്തിയിരിക്കുന്നതെന്നും ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു.

ചന്ദ്രയാൻ 2ന്റെ പരാജയത്തിനു ശേഷം ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസം നഷ്ടമായിരുന്നു. എന്നാൽ പ്രധാനമന്ത്രി ശാസ്ത്രജ്ഞർക്ക് ആത്മധൈര്യം നൽകി. വീണ്ടും വിക്ഷേപണം നടത്താൻ പ്രേരിപ്പിച്ചു. തുടർന്ന് ശാസ്ത്രജ്ഞർ മുൻകാല പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് നന്നായി ജോലി ചെയ്തു. അങ്ങനെ ലാൻഡർ ച​ന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങി. ചന്ദ്രയാൻ വിജയത്തിൽ പ്രധാനമന്ത്രി മോദി നിർണായക പങ്കുവഹിച്ചു. രാജ്യത്തിന്റെ യശസ്സ് ചന്ദ്രോപരിതലം വരെ എത്തിച്ചു.-എന്നാണ് പുസ്തകത്തിൽ വിവരിക്കുന്നത്.

വിക്ഷേപണത്തിന്റെ തൽസമയ സംപ്രേഷണത്തിൽ മോദി പ​ങ്കെടുക്കുന്നതിന്റെയും വിക്ഷേപണ ശേഷം മോദി ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ കേന്ദ്രത്തിലെത്തി ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതിന്റെയും ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, ഐ.എസ്.ആർ.ഒയുടെ ട്രാക്ക് റെക്കോർഡിനെ അവഗണിക്കുകയാണ് പുസ്തകത്തിലെത്തിലെ മോദി കാരണമാണ് മൂന്നാം ചാന്ദ്രദൗത്യം ഉണ്ടായതെന്ന പരാമർശം ശാസ്ത്രജ്ഞരുടെ ഭാഗത്ത്നിന്ന് വിമർശനമുയർന്നിട്ടുണ്ട്. 1979ൽ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച സാറ്റലൈറ്റ് ലോഞ്ച് വാഹനം പരാജയമായിരുന്നു. നിരന്തര പരിശ്രമത്തിലൂടെയാണ് ആ പദ്ധതി ശാസ്ത്രജ്ഞർ പിന്നീട് വിജയിപ്പിച്ചെടുത്തത്. 1987ലും 1988ലും ഇത്തരത്തിൽ പരാജയം നേരിട്ടിരുന്നു.

എന്നാൽ 1994ൽ ബഹിരാകാശ വിക്ഷേപണം വിജയകരമാക്കാൻ ഐ.എസ്.ആർ.ഒക്ക് സാധിച്ചു. 1993ൽ ഐ.എസ്.ആർ.ഒയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വാഹനം പരാജയപ്പെട്ടിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം വിജയകരമായി വിക്ഷേപിച്ചുവെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ശാസ്ത്രീയ നേട്ടങ്ങളെ കുറിച്ച് പുരാണങ്ങളിൽ മുമ്പേ പറഞ്ഞിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്. കുതിരകൾ വലിക്കുന്ന ചക്രങ്ങളുള്ള രഥത്തിലാണ് ദൈവങ്ങൾ സഞ്ചരിക്കാറുള്ളത് എന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഈ രഥങ്ങൾക്ക് പറക്കാൻ കഴിയും എന്നും പുസ്‍തകത്തിലുണ്ട്. രാമായണത്തിലെ രാവണന്റെ പുഷ്പക വിമാനത്തെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ടെന്നും ടെലഗ്രാഫ് പറയുന്നു. ചന്ദ്രയാൻ ദൗത്യത്തെ കുറിച്ചുള്ള പ്രത്യേക പതിപ്പ് ഡൽഹിയിൽ നടന്ന പരിപാടിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഇക്കഴിഞ്ഞ ഒക്ടോബർ 17ന് ഉദ്ഘാടനം ചെയ്തത്. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥും ചടങ്ങിൽ പ​ങ്കെടുത്തിരുന്നു.

Tags:    
News Summary - NCERT Reading Modules Credit Modi for Success of Chandrayaan-3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.