ഓപറേഷൻ സിന്ദൂറിനിടെ പാകിസ്താന് വിവരങ്ങൾ ചോർത്തി നൽകി; നേവി ആസ്ഥാനത്തെ ജീവനക്കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്താൻ ഇന്‍റലിജൻസ് ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന് ഡൽഹിയിലെ നാവികസേന ആസ്ഥാനത്തെ ജീവനക്കാരനെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയും നേവൽ ഹെഡ്ക്വാർട്ടേഴ്സിലെ ക്ലാർക്കുമായ വിശാൽ യാദവാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പിടിയിലായത്. ഇന്ത്യൻ സേന ഭീകരരെ അമർച്ച ചെയ്യാനായി നടത്തിയ ഓപറേഷൻ സിന്ദൂർ ദൗത്യത്തിന്‍റെ സമയത്ത് ഉൾപ്പെടെ വർഷങ്ങളായി ഇയാൾ വിവരങ്ങൾ കൈമാറിയെന്നാണ് കണ്ടെത്തിയത്.

വിശാലിന്‍റെ ഫോൺ പരിശോധിച്ചതിൽനിന്ന് പ്രതിരോധ യൂനിറ്റുകളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പാക് ഇന്‍റലിജൻസിനുവേണ്ടി പ്രവർത്തിക്കുന്ന യുവതിക്ക് കൈമാറിയതായി കണ്ടെത്തി. ഇതിനായി ഇയാൾ അവരിൽനിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പാകിസ്താനി ഇന്‍റലിജൻസിന്‍റെ പ്രവർത്തനങ്ങൾ പൊലീസ് തുടർച്ചയായി നിരീക്ഷിച്ചു വരുന്നതിനിടെയാണ് വിശാൽ കുടുങ്ങിയത്. യുവതിയുമായി സ്ഥിരമായി സമൂഹമാധ്യമങ്ങളിലൂടെ വിശാൽ ബന്ധപ്പെടുന്നത് കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്.

പ്രിയ ശർമ എന്ന പേരിൽ വിശാലുമായി അടുപ്പം സ്ഥാപിച്ച യുവതി, തന്ത്രപരമായ വിവരങ്ങൾ ചോർത്തി നൽകുന്നതിന് വിശാലിന് പണം നൽകി. ഓൺലൈൻ ഗെയിമിങ്ങിന് അടിമയായ വിശാൽ, തന്‍റെ നഷ്ടം നികത്താൻ ഈ പണം ഉപയോഗിച്ചു. ക്രിപ്റ്റോ കറൻസി ട്രേഡിങ് അക്കൗണ്ടിലേക്കും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കുമാണ് ഇയാൾക്ക് പണം ലഭിച്ചത്. ജയ്പുരിൽ വിവിധ ഏജൻസികൾ വിശാലിനെ ചോദ്യംചെയ്ത് വരികയാണ്. എത്രത്തോളം പ്രാധാന്യമുള്ള വിവരങ്ങളാണ് ഇയാൾ ചോർത്തിയതെന്നത് വ്യക്തമായിട്ടില്ല.

സമൂഹമാധ്യമങ്ങൾ വ്യാപകമായി ചാരവൃത്തിക്ക് ഉപയോഗപ്പെടുത്തുന്നുവെന്നും സംശയകരമായ എന്തെങ്കിലും കണ്ടാൽ പൊതുജനം അധികൃതരെ അറിയിക്കണമെന്നും സുരക്ഷാ ഏജൻസികൾ അറിയിച്ചു. നേരത്തെ യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെ നിരവധി പേരെ ചാരവൃത്തിക്ക് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താനിലെ ഇന്‍റലിജൻസ് ഏജൻസിയുമായി ഇവർ നിരന്തര ബന്ധം പുലർത്തിപ്പോരുന്നതായി കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചത്.

ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ സേന നടത്തിയ ദൗത്യമാണ് ഓപറേഷൻ സിന്ദൂർ. പഹൽഗാമിൽ 26 വിനോദസഞ്ചാരികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മേയ് ഏഴിന് നടന്ന ഓപറേഷൻ സിന്ദൂറിലൂടെ പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. പിന്നാലെ അതിർത്തിയിൽ സംഘർഷം രൂക്ഷമായിരുന്നു. സേനാനീക്കത്തിലൂടെ നൂറിലേറെ ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. 

Tags:    
News Summary - Navy HQ Staffer Arrested For Spying For Pak, Shared Info During Op Sindoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.