സമദൂരം തുടരും; പ്രതിപക്ഷ പാർട്ടികളുമായി കൂട്ടുകൂടാനില്ലെന്ന് നവീൻ പട്നായിക്

ന്യൂഡൽഹി: 2024ലെ ദേശീയ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുമായി കൂട്ടുകൂടാനില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. തന്റെ ബിജു ജനതാദൾ പാർട്ടി(ബി.ജെ.ഡി) ഒറ്റക്കു തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അതാണ് മനസിലുള്ള പദ്ധതിയെന്നും പട്നായിക് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകീട്ട് പട്നായിക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആചാരമനുസരിച്ചുള്ള കൂടിക്കാഴ്ചയാണിതെന്നണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബി.ജെ.ഡി പാലിക്കുന്ന സമദൂര സിദ്ധാന്തം തന്നെയാണ് അടുത്ത തെരഞ്ഞെടുപ്പിലും പിന്തുടരുകയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.

ബി.ജെ.പിയോടും കോൺഗ്രസിനോടും സമദൂര സമീപനമാണ് ബി.ജെ.ഡിയുടെത്. അതിൽ മാറ്റം വരുത്താനില്ലെന്നാണ് ഒഡീഷ മുഖ്യമന്ത്രി രണ്ടുദിവസം മുമ്പ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി നടത്തിയ ചർച്ചയിലും വ്യക്തമാക്കിയത്.

2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ അണിനിരക്കാനായി ഓരോ സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരെയും നേരിൽ കണ്ട് ചർച്ച നടത്തുന്ന നിതീഷ് കുമാറിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് പട്നായിക്കിന്റെ സമീപനം. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഒഡീഷയിലെ അന്താരാഷ്ട്ര വിമാനത്താവളം ഭുവനേശ്വറിൽ നിന്ന് പുരിയിലേക്ക് മാറ്റാനുള്ള നടപടികൾ വേണമെന്ന് പട്നായിക് ആവശ്യപ്പെട്ടിരുന്നു.സാധ്യമായതെല്ലാം ചെയ്യാമെന്നാണ് മോദി ഉറപ്പുനൽകിയത്.

ഡൽഹി സന്ദർശനത്തിനിടെ മറ്റൊരു രാഷ്ട്രീയ നേതാവുമായും കൂടിക്കാഴ്ചക്കില്ലെന്നും പട്നായിക് കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ മുഖ്യവിമർശകയായ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി നേരത്തേ പട്നായിക് കൂടിക്കാഴ്ച നടത്തിയിരുന്നു.അതോടൊപ്പം ഡൽഹി, പഞ്ചാബ്, തെലങ്കാന, തമിഴ്നാട് മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മാൻ, കെ. ചന്ദ്രശേഖര റാവു, എം.കെ. സ്റ്റാലിൻ എന്നിവരുമായും പട്നായിക് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. 

Tags:    
News Summary - Naveen Patnaik says won't align with opposition parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.