ബംഗളൂരു: കർണാടകയുടെ ഇരു നിയമസഭകളിലും ആഴ്ചയിലേറെയായി നടപടികൾ തടസ്സപ്പെടുത്തിയതിന് ബിജെപിയെയും ജെഡി (എസ്)നേയും വിമർശിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പ്രതിപക്ഷം സഭക്കുള്ളിൽ നടത്തിയ മുദ്രാവാക്യങ്ങളെ ‘ഗുണ്ടായിസം’ എന്ന് വിശേഷിപ്പിച്ച ശിവകുമാർ, നിയമസഭയിൽ കോൺഗ്രസിനെ നേരിടാൻ ബിജെപിക്കും ജെഡി (എസ്) നും ശക്തിയില്ലെന്ന് അദ്ദേഹം ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന് കൂടുതൽ ആദിവാസി, ദലിത് എം.എൽ.എമാരുള്ളതിൽ ഇരു പാർട്ടികൾക്കും അസൂയയുണ്ട്. ആസൂത്രണ, സ്ഥിതിവിവരക്കണക്ക് മന്ത്രി ബി .നാഗേന്ദ്രയെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും തുടർച്ചയായി നടപടികൾ തടസ്സപ്പെടുത്തിയതിനെയാണ് ശിവകുമാർ പരാമർശിച്ചത്. 2023 മേയ് മുതൽ 2024 ജൂൺ വരെ സിദ്ധരാമയ്യ സർക്കാറിൽ ആദിവാസി ക്ഷേമ മന്ത്രിയായിരിക്കെ കർണാടക സംസ്ഥാന മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപറേഷനിൽ നടന്ന 89 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നാഗേന്ദ്രക്കെതിരെ ആരോപണം ഉയർന്നത്.
പ്രതിപക്ഷം സഭയിൽ നോട്ടീസ് നൽകി ചർച്ചക്ക് ശ്രമിക്കണമായിരുന്നുവെന്നും നടപടികൾ തടസ്സപ്പെടുത്തുന്നതിനുപകരം അത് നടത്തണമായിരുന്നുവെന്നും ശിവകുമാർ പറഞ്ഞു. അവർക്ക് എന്ത് വേണമെങ്കിലും ചോദിക്കുന്നതിലോ ധർണ നടത്തുന്നതിലോ പ്രതിഷേധം നടത്തുന്നതിലോ തെറ്റൊന്നുമില്ല. പക്ഷേ, ഒരു ചെറിയ നോട്ടീസ് നൽകാനും ചർച്ചക്ക് വരാനും എന്തിനാണ് അദ്ദേഹം (നാഗേന്ദ്ര) രാജിവെക്കേണ്ടതെന്ന് ചോദിക്കാനും മാത്രമാണ് താൻ അവരോട് പറയുന്നത്.
പ്രതിപക്ഷത്തിന് ക്ഷമയില്ലെന്ന് വ്യക്തമായി. കേന്ദ്രമന്ത്രിമാർ മുതൽ മുഖ്യമന്ത്രിമാർ വരെയുള്ള എത്ര നേതാക്കൾ കേസുകൾ നേരിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്താൻ അദ്ദേഹം ബിജെപി നേതാക്കളെ വെല്ലുവിളിച്ചു. എന്തുകൊണ്ടാണ് അവർ അവരുടെ രാജി ആവശ്യപ്പെടാത്തത്? അവർ ഒരു ദലിത് നേതാവിനെയും ഒരു പട്ടികവർഗ മന്ത്രിയെയും ഒരു ആദിവാസി മന്ത്രിയെയും മാത്രമാണ് ലക്ഷ്യമിടുന്നത്.
കോൺഗ്രസ് പാർട്ടിയിൽനിന്ന് പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള 15-ലധികം എം.എൽ.എമാർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവർക്ക് (ബി.ജെ.പി) ഇതിൽ വളരെ അസൂയയുണ്ട്. അവരുടെ പാർട്ടിയിൽനിന്ന് ഒരു പട്ടികവർഗ സമുദായ നേതാവിനെ പോലും തെരഞ്ഞെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് അവർ ഇത് ചെയ്യാൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.