ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ നേട്ടങ്ങളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ നാലിന് രാജ്യം നാവികസേന ദിനം ആചരിക്കുന്നു. 1971ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ പാക് നാവിക സേനക്കെതിരായ ‘ഓപ്പറേഷൻ ട്രൈഡന്റിന്‍റെ’ സ്മരണയ്ക്കായാണ് ഈ ദിവസം ദേശീയ നാവികസേന ദിനമായി ആചരിക്കുന്നത്. ഓരോ വർഷവും നാവികസേന ദിനം ആഘോഷിക്കാൻ വ്യത്യസ്ത പ്രമേയം നിർദ്ദേശിക്കപ്പെടാറുണ്ട്. നാവികസേനയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും പ്രദർശനത്തിന് വെക്കാറുമുണ്ട്.
1971- ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ കറാച്ചിയിൽ ഇന്ത്യൻ നാവികസേന ആരംഭിച്ച ആക്രമണ ഓപ്പറേഷനായിരുന്നു ഓപ്പറേഷൻ ട്രൈഡന്റ്. ഡിസംബർ 4 - 5 രാത്രിയിൽ നടത്തിയ ഓപ്പറേഷൻ പാക് കപ്പലുകൾക്ക് കനത്ത നാശനഷ്ടം വരുത്തി. ഇന്ത്യയ്ക്ക് നഷ്ടമൊന്നും സംഭവിച്ചില്ലെങ്കിലും പാകിസ്താന് ഒരു മൈൻസ്വീപ്പർ, ഡിസ്ട്രോയർ, വെടിമരുന്ന് വഹിക്കുന്ന കപ്പൽ, ഇന്ധന സംഭരണ ടാങ്കുകൾ എന്നിവ നഷ്ടപ്പെട്ടു. ഡിസംബർ നാലിനായിരുന്നു ഇന്ത്യ തിരിച്ചാക്രമണം നടത്തിയത്. തുടർന്നാണ് ഈ വിജയാഘോഷത്തിനും വീരമൃത്യു വരിച്ചവരെ സ്മരിക്കുന്നതിനുമായി ഡിസംബർ നാല് നാവികസേന ദിനമായി ആചരിച്ചു തുടങ്ങിയത്.
1972 മെയ് മാസത്തിലെ സീനിയർ നേവൽ ഓഫീസർ കോൺഫറൻസിലാണ് ഡിസംബർ നാലിന് ഇന്ത്യൻ നേവി ദിനം ആഘോഷിക്കാൻ തീരുമാനിക്കുന്നത്.
1612ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യൻ നാവികസേന സ്ഥാപിച്ചത്. 1932ൽ ബ്രീട്ടീഷ് നേതൃത്വത്തിൽ ‘റോയൽ ഇന്ത്യൻ നേവി’ സ്ഥാപിതമായി. സ്വാതന്ത്ര്യാനന്തരം 1950ൽ പേര്, ‘ഇന്ത്യൻ നാവികസേന’ എന്നാക്കി മാറ്റി. അതിന് മുമ്പ് ബോംബൈ മറൈൻ, ഇന്ത്യൻ നേവി, ഇന്ത്യൻ മറൈൻ എന്നീ പേരുകളിലാണ് ഇന്ത്യൻ നാവിക സേന അറിയപ്പെട്ടിരുന്നത്. വലിപ്പത്തിൽ ലോകത്തിലെ നാലാം സ്ഥാനത്താണ് ഇന്ത്യൻ നാവിക സേന. അഡ്മിറൽ പദവി വഹിക്കുന്ന നാവിക സേനാ മേധാവി ആണ് നാവിക സേനയുടെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.