ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി തുടരുന്നതിനിടെ വീണ്ടും ഒരു ദേശീയ ലോക്ഡൗണ്‍ എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. ആശുപത്രികള്‍ നിറഞ്ഞ് ചികിത്സപോലും നിഷേധിക്കപ്പെട്ടും, ഓക്‌സിജന്‍ ലഭ്യമല്ലാതെ പ്രാണവായുവിനായി പിടഞ്ഞുമെല്ലാം ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കോവിഡ് തീവ്രവ്യാപനം നിയന്ത്രണവിധേയമാക്കാന്‍ ലോക്ഡൗണ്‍ പരിഹാരമാണോ എന്ന ചോദ്യം വിവിധ കോണുകളില്‍നിന്ന് ഉണ്ടാകുന്നുണ്ട്. ചിലര്‍ രാജ്യ വ്യാപക ലോക്ഡൗണ്‍ ആവശ്യപ്പെടുമ്പോള്‍ പ്രാദേശിക ലോക്ഡൗണ്‍ ആണ് ഗുണകരമാകുകയെന്നും വാദങ്ങളുണ്ട്.
ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ തന്നെ, അത് സാധാരണക്കാരുടെ ജീവിതോപാദിയെ ബാധിക്കുമോ?, സമ്പദ് വ്യവസ്ഥ തകര്‍ക്കുമോ? തുടങ്ങിയ നിരവധി ആശങ്കകളും വിദഗ്ധര്‍ പങ്കുവെക്കുന്നു. ഇക്കാര്യത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി തന്റെ ടി.വി ഷോയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിദഗ്ധരുടെ മറുപടി ഇപ്രകാരമാണ്.
ഡോ. ഗിരിധര്‍ ബാബു (ലൈഫ്‌കോഴ്‌സ് എപിഡെമിയോളജി, ബംഗളൂരു):
ദേശീയ ലോക്ഡൗണ്‍ ആണ് പ്രതിവിധിയെന്ന് കരുതരുത്. രോഗത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ എന്താണെന്നാണ് നാം കാണേണ്ടത്. ബംഗളൂരു ഉദാഹരണമായി എടുക്കാം. സംസ്ഥാനം ആകെ പൂട്ടിയിടുന്നത് ന്യായീകരിക്കപ്പെടണമെന്നില്ല. രോഗ വ്യപാനം തീവ്രമായ ജില്ലകളിലെ നഗരങ്ങളില്‍ ലോക്ഡൗണ്‍ ആവശ്യമാണ്. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ശരിയായ ആരോഗ്യ പരിചരണം ലഭിക്കാത്ത ഇടങ്ങളില്‍ പ്രത്യേകിച്ചും. രോഗികളെ കൃത്യമായി കണ്ടെത്താനാകുന്നില്ലെങ്കില്‍ പൂര്‍ണ ലോക്ഡൗണ്‍ കൊണ്ട് ഗുണമൊന്നുമുണ്ടാകില്ല. ലോക്ഡൗണ്‍ രോഗ വ്യാപനത്തിന്റെ വേഗത കുറക്കും. പക്ഷേ, കണ്ടെയ്‌മെന്റ് സോണുകളാക്കി മാറ്റുകയാണ് ഏറ്റവും നല്ലത്.
ഡോ. വിശാല്‍ റാവു (കോവിഡ് ടാസ്‌ക് ഫോഴ്‌സ് വിദഗ്ധ സമിതി അംഗം, കര്‍ണാടക):
ലോക്ഡൗണിന് കൃത്യമായ പ്ലാനിങ്ങും തയാറെടുപ്പും ആവശ്യമാണ്. ഓക്‌സിജന്റെ ആവശ്യകത ഇരട്ടിയായ സമയമാണിത്. കര്‍ണാടകയിലെ ലോക്ഡൗണ്‍ സംസ്ഥാന സര്‍ക്കാറില്‍നിന്നുള്ള കൃത്യമായ സൂചനയാണ്. എന്നാല്‍, ലോക്ഡൗണിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് പൗരന്‍മാരുടെ കടമയാണ്. വാക്‌സിനേഷനെ വരെ ലോക്ഡൗണ്‍ ബാധിച്ചേക്കാം. അതിനാല്‍ സ്ട്രാറ്റജി മാറ്റേണ്ട സമയമായി.
ഡോ. ശാഹിദ് ജമീല്‍ (വൈറോളജിസ്റ്റ് ആന്‍ഡ് സി.ഇ.ഒ ഓഫ് ഡി.ബി.ടി/ വെല്‍കം ട്രസ്റ്റ് ഇന്ത്യ അലയന്‍സ്, ന്യൂഡല്‍ഹി):
രാജ്യവ്യാപകമായ ലോക്ഡൗണ്‍ കൊണ്ട് ഗുണമുണ്ടാകില്ല. തീവ്രവ്യാപനം ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് ലോക്ഡൗണ്‍ വേണ്ടത്. കഴിഞ്ഞ ലോക്ഡൗണ്‍ സാധാരണക്കാരുടെ ജീവിതത്തെ എങ്ങിനെ ബാധിച്ചു എന്ന് നമ്മള്‍ കണ്ടതാണ്. ആളുകള്‍ക്ക് ഭക്ഷണം ലഭിക്കാനും വരുമാനം നിലക്കാതിരിക്കാനും ക്രമീകരണം ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ഒരു പൊലീസ് സ്റ്റേറ്റായി മാറുകയല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ആ വിശ്വാസമാണ് പ്രധാനം. വാക്‌സിന്‍ വിതരണം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ കുറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദമാണെങ്കില്‍ വേഗത്തില്‍ വ്യാപിക്കുകയുമാണ്. ആരോഗ്യ സംവിധാനങ്ങളില്‍ വളരെ സമ്മര്‍ദമുണ്ടെന്ന് സമ്മതിക്കുന്നു. എന്നാല്‍, മുഴുവന്‍ ഉത്തരവാദിത്തവും വ്യക്തികള്‍ക്കുമേല്‍ നല്‍കരുത്. നേതാക്കള്‍ മാതൃകാപരമായി നയിക്കണം. രാഷ്ട്രീയ ഭിന്നതയും നമ്മുടെ പ്രശ്‌നമാണ്.
മദന്‍ സ്ബ്‌നാവിസ് (ചീഫ് എക്കണോമിസ്റ്റ്, കെയര്‍ റേറ്റിങ്‌സ്, മുംബൈ):
നേരത്തെയുണ്ടായിരുന്ന ദേശീയ ലോക്ഡൗണ്‍ സമയത്ത് വളരെ കുറച്ച് കോവിഡ് കേസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, എല്ലാ രാജ്യങ്ങളും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയായിരുന്നു. വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് ഗുണങ്ങളുണ്ട്. പക്ഷേ, ഭക്ഷണം മുതല്‍ ജനങ്ങള്‍ക്ക് ആവശ്യമായത് ഒരുക്കാനുള്ള ബദല്‍ സംവിധാനം സര്‍ക്കാറിനില്ല. പ്രാദേശികമായി ഏര്‍പ്പെടുത്തുന്ന ലോക്ഡൗണ്‍ ഈ രോഗവ്യാപനം കുറക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.