ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ, ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ആണവോർജ ബിൽ (ശാന്തി ബിൽ) ശബ്ദവോട്ടോടെ രാജ്യസഭയും പാസാക്കി. ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ നിയമമാകും. ബുധനാഴ്ചയാണ് ലോക്സഭ ഈ ബിൽ പാസാക്കിയത്. ഇന്ത്യയിൽ ആദ്യമായി സ്വകാര്യ കമ്പനികൾക്ക് ആണവ നിലയങ്ങൾ തുടങ്ങാൻ അവസരം നൽകുന്ന ബിൽ വ്യാഴാഴ്ച രാജ്യസഭ ചർച്ചക്കെടുത്തപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.
ആണവോർജ മേഖല സ്വകാര്യവത്കരിക്കുന്നത് മൂലമുള്ള സുരക്ഷാപരമായ ആശങ്കയാണ് പ്രതിപക്ഷ അംഗങ്ങൾ പ്രധാനമായും ഉന്നയിച്ചത്. ഇന്ത്യയിൽ ആണവോർജത്തിന്റെ സമ്പന്നമായ ചരിത്രം 2014 ന് പതിറ്റാണ്ടുകൾക്ക് മുമ്പേ തുടങ്ങിയതാണെന്ന് കോൺഗ്രസ് എം.പി ജയ്റാം രമേഷ് ചൂണ്ടിക്കാട്ടി. ശാസ്ത്രരംഗം ഉൾപ്പെടെ എല്ലാ രംഗത്തെയും വികസനം 2014ൽ തുടങ്ങിയെന്നാണ് നമ്മളോട് ഇപ്പോൾ പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
സുരക്ഷ പോലുള്ള ഗൗരവമേറിയ കാര്യങ്ങളെ ഈ ബിൽ പരാമർശിക്കുന്നില്ലെന്നും കാലാവസ്ഥ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ആണവ സ്ഥാപനങ്ങൾ സുരക്ഷ ഭീഷണി ഉയർത്തുമെന്നും ഡി.എം.കെ എം.പി പി. വിൽസൺ മുന്നറിയിപ്പ് നൽകി. സുരക്ഷാപരമായ ആശങ്ക പങ്കുവെച്ച ബി.ആർ.എസ് എം.പി സുരേഷ് റെഡ്ഡി, ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും അതല്ലെങ്കിൽ പാരിസ്ഥിതിക സമിതിയുടെ നിരന്തര നിരീക്ഷണത്തിൽ കൊണ്ടുവരണമെന്നും നിർദേശിച്ചു.
ആണവ വിതരണക്കാർക്ക് നേട്ടമുണ്ടാക്കാനാണ് ഇത്തരമൊരു ബിൽ അവതരിപ്പിച്ചതെന്ന് സി.പി.ഐ (എം) എം.പി എ.എ. റഹീം ആരോപിച്ചു. എന്നാൽ, രാജ്യത്തെ ആണവോർജ മേഖലയിൽ വലിയ മുന്നേറ്റത്തിന് ഇടയാക്കുന്നതാണ് ബില്ലെന്ന് മറുപടി പ്രസംഗത്തിൽ ആണവോർജ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.