സുപ്രീം കോടതി
ന്യൂഡൽഹി: വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ അനുഭാവത്തോടെ പരിഗണിക്കണമെന്ന് സുപ്രീംകോടതി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ യഥാർഥ സാഹചര്യങ്ങൾ കണക്കിലെടുക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
കരട് പട്ടികയിൽ നിന്ന് 25 ലക്ഷം വോട്ടർമാർ ഒഴിവാക്കപ്പെടുന്ന സാഹചര്യമാണെന്നും വ്യാഴാഴ്ച അവസാന തീയതിയാണെന്നും ഡിസംബർ അവസാനത്തേക്ക് സമയപരിധി നീട്ടണമെന്നും കേരളത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചപ്പോൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കമീഷന് നിവേദനം നൽകാൻ സുപ്രീംകോടതി നിർദേശിച്ചു. കേരളത്തിൽ എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയപരിധി നേരത്തെ ഡിസംബർ 18ലേക്ക് നീട്ടിയിരുന്നു. കരട് വോട്ടർ പട്ടിക 23ന് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചത്.
ഭർത്താവിന്റെ പേരുള്ളിടത്ത് ഭാര്യയുടെ പേരില്ലാതെ വരുന്നു, ഭാര്യയുടെ പേരുള്ളിടത്ത് ഭർത്താവിന്റെ പേരില്ലാതെയും വരുന്ന സന്ദർഭങ്ങളാണ് പലയിടങ്ങളിലും നടക്കുന്നതെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി.
മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ബോധിപ്പിച്ചു. 2027ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ ഇപ്പോൾ തിരക്കിട്ട് എസ്.ഐ.ആർ നടത്തേണ്ട ആവശ്യമെന്താണെന്ന് സംസ്ഥാന സർക്കാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ചോദിച്ചു. എസ്.ഐ.ആറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് സുപ്രീംകോടതി 2026 ജനുവരി ആറിന് വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.