ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത നിർമാണത്തിൽ ഭൂഘടന വിഷയം പരിഗണിച്ച് ഭിത്തി കെട്ടി മണ്ണ് നിറച്ചുള്ള ഉയരം കൂടിയ പാത നിർമിക്കുന്നതിനുപകരം പില്ലറുകളിൽ തീർത്ത കോൺക്രീറ്റ് ഉയരപ്പാതകൾ നിർമിക്കുമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു.
കേരളത്തിന്റെ കാലാവസ്ഥക്കും ഭൂഘടനക്കും അനുയോജ്യമായ നിലയിലല്ല റോഡിന്റെ ഡിസൈൻ തയാറാക്കിയിട്ടുളളതെന്നും അതിന്റെ അനന്തര ഫലമാണ് നിർമാണത്തിലെ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങളെന്നും ചൂണ്ടിക്കാട്ടി എൻ.കെ. പ്രേമചന്ദ്രൻ ഉയരപ്പാതക്ക് പകരം പില്ലറുകളിൽ തീർത്ത കോൺക്രീറ്റ് ഉയരപ്പാത നിർമിക്കണമെന്ന നിർദേശവും മുന്നോട്ടുവെച്ചപ്പോഴാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ദേശീയപാത 66ൽ നിരവധിയിടങ്ങളിൽ റിടൈനിങ് ഭിത്തി ഇടിഞ്ഞുതാഴ്ന്നതും നിർമാണത്തിലെ അപകടങ്ങളും ചോദ്യോത്തരവേളയിൽ കെ.സി വേണുഗോപാൽ ഉന്നയിച്ച ശേഷമായിരുന്നു അനുബന്ധ ചോദ്യമായി എൻ.കെ പ്രേമചന്ദ്രൻ വിഷയമുന്നയിച്ചത്.
തുടർന്ന് മറുപടി പറഞ്ഞ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പ്രേമചന്ദ്രന്റെ നിർദേശം പൂർണമായും ശരിയാണെന്നും അത് അംഗീകരിക്കുന്നതായും അറിയിച്ചു. ചെലവ് കുറച്ച് കരാറിനുളളിൽ നിന്ന് നിർമാണം നടത്തുന്നതിനാണ് കോൺക്രീറ്റ് ഉയരപ്പാത ആവശ്യം നടപ്പാക്കാൻ കഴിയാതെ പോയത്.
അസ്സൽ കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പില്ലറിൽ തീർത്ത ഉയരപ്പാത നിർമിച്ചാൽ ആയത് ചെലവ് കൂടുമെന്നും കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായതിനാൽ ഓഡിറ്റിൽ ആക്ഷേപം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇനി അത്തരത്തിലുള്ള പാത മാത്രമേ നിർമിക്കൂ എന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
ദേശീയപാത 66ലെ സർവിസ് റോഡ് വളരെ ശോചനീയമാണെന്നും വൻതോതിൽ ചെറുവാഹനങ്ങൾ ഉപയോഗിക്കുന്ന കേരളത്തിലെ ജനങ്ങൾ സർവിസ് റോഡിനെ ആശ്രയിക്കുന്നവരാണെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.