മോദിയുടെ ബിരുദ വിവാദം: സഞ്ജയ് സിങ്ങിന്‍റെ ഹരജി തള്ളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വ്യാജമാണെന്ന് പറഞ്ഞതിന് ഗുജറാത്ത് സർവകലാശാല ഫയൽ ചെയ്ത മാനനഷ്ടകേസിലെ വിചാരണ കോടതി സമൻസിനെതിരെ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് സമർപ്പിച്ച ഹരജി സുപ്രീകോടതി തള്ളി. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് സഞ്ജയ് സിങ് പറഞ്ഞത് ഗുജറാത്ത് സർവകലാശാലക്ക് മാനഹാനി ആകുന്നില്ലെന്ന മുതിർന്ന അഭിഭാഷകരായ റെബേക്ക ജോൺ, ഡോ. അഭിഷേക് മനു സിങ്‍വി എന്നിവരുടെ വാദം തള്ളിയാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.

സിങ്ങിന് പറയാനുള്ളത് വിചാരണ കോടതിയിൽ പറയാമെന്ന് ഗുജറാത്ത് ഹൈകോടതി വ്യക്തമാക്കിയതാണെന്നും ഹൈകോടതിയുടെ നിരീക്ഷണങ്ങൾ വിചാരണ കോടതി ജഡ്ജിയെ സ്വാധീനിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്. പ്രധാനമന്ത്രിക്ക് നൽകിയ ബിരുദത്തെക്കുറിച്ച് ആക്ഷേപഹാസ്യം കലർന്നതും മാനഹാനിയുണ്ടാക്കുന്നതുമായ പ്രസ്താവന വാർത്തസമ്മേളനത്തിൽ നടത്തിയതിന് ആം ആദ്മി പാർട്ടി നേതാക്കളായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും രാജ്യസഭ എം.പി സഞ്ജയ് സിങ്ങിനുമെതിരെ ഗുജറാത്ത് സർവകലാശാല രജിസ്ട്രാർ ഡോ. പിയൂഷ് എം. പട്ടേൽ മുഖേന സമർപ്പിച്ചതായിരുന്നു മാനനഷ്ട കേസ്. 2023 ഏപ്രിൽ15 നാണ് അഹ്മദാബാദ് മജിസ്ട്രേറ്റ് കോടതി കേസിൽ സമൻസ് അയച്ചത്.

മജിസ്ട്രേറ്റ് കോടതിയുടെ വിചാരണ നടപടിക്ക് സ്റ്റേ ആവശ്യപ്പെട്ട് കെജ്രിവാളും സഞ്ജയ് സിങ്ങും ജില്ല സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും 2023 സെപ്റ്റംബറിൽ കോടതി തള്ളി. ഒക്ടോബറിൽ ഹൈകോടതിയും സ്റ്റേക്ക് വിസമ്മതിച്ചു. പിന്നീട് ഈ വർഷം ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ കെജ്രിവാളിനോടും സിങ്ങിനോടും കോടതിയിൽ ഹാജരാകാൻ സമൻസ് അയക്കുക മാത്രമാണ് ചെയ്തതെന്നും അവർക്കെതിരായ മാനനഷ്ടകേസ് നിലനിൽക്കുമോ എന്ന കാര്യത്തിൽ കോടതി തീർപ്പ് കൽപിച്ചിട്ടില്ലെന്നും ഗുജറാത്ത് ഹൈകോടതിയുടെ ഉത്തരവിലുണ്ടായിരുന്നു.

Tags:    
News Summary - Narendra Modi's Graduation Controversy: Sanjay Singh's Petition Rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.