ന്യൂഡൽഹി: എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് തൊഴിലവസരങ്ങൾ കൂടിയെന്ന് പ്രധാനമന്ത്രി നര േന്ദ്രമോദി. ഒാരോ വർഷവും 1.25 കോടി ആളുകൾ പുതുതായി തൊഴിൽ മേഖലയിലേക്ക് എത്തുന്നുവെന്നാണ് ഇ.പി.എഫ്.ഒ കണക്കുകൾ വ്യക്തമാക്കുന്നത്. മുദ്ര പദ്ധതി പ്രകാരം 4.25-4.50 കോടി ജനങ്ങൾക്ക് വരെ ബാങ്ക് വായ്പ ലഭിച്ചുവെന്നും മോദി അവകാശപ്പെട്ടു. റോഡ്, റെയിൽ വികസന പ്രവർത്തനങ്ങൾ തൊഴിലാളികളില്ലാതെ എങ്ങനെ നടക്കുമെന്നും മോദി ചോദിച്ചു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം.
നോട്ട് നിരോധനം മൂലം രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മോദി പറയുന്നു. യു.പി.എ സർക്കാറിൻെറ ഭരണകാലത്ത് ഉയർന്ന പണപ്പെരുപ്പം സമ്പദ്വ്യവസ്ഥക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ, എൻ.ഡി.എ സർക്കാറിന് ഇത് നിയന്ത്രിക്കാൻ സാധിച്ചു. എൻ.ഡി.എ സർക്കാറിൻെറ വികസനമാതൃക കൃത്യമാണ്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനമേഖലയെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് സർക്കാറിൻെറ ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.
നോട്ട് നിരോധനം മൂലം രാജ്യത്തിൻെറ നികുതി വരുമാനം 70 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയതായും മോദി അവകാശപ്പെട്ടു. രാജ്യസുരക്ഷയെ കുറിച്ച് മാത്രമാണല്ലോ താങ്കൾ കൂടുതലായി സംസാരിക്കുന്നതെന്ന ചോദ്യത്തിന് അതിന് പ്രാധാന്യം നൽകേണ്ട എന്നായിരുന്നു മോദിയുടെ ഉത്തരം. 40 മിനിട്ട് നീണ്ടുനിൽക്കുന്ന തൻെറ പ്രസംഗങ്ങളിൽ നാല് മിനിട്ട് മാത്രമാണ് രാജ്യസുരക്ഷയെ കുറിച്ച് പറയുന്നത്. ലോകരാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് തീവ്രവാദം. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടനം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും മോദി പറഞ്ഞു. കോൺഗ്രസ് എന്തുകൊണ്ട് ദേശീയ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.