കോൺഗ്രസ് നേതാവിന്റെ കാൽ കഴുകി പൂക്കൾ അർപ്പിച്ച് യുവാക്കൾ; വിമർശനവുമായി ബി​.ജെ.പി, മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം

മുംബൈ: ഗുരുപൂർണിമ ദിനത്തിൽ മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാനാ പട്ടോളെയുടെ കാൽ രണ്ടുപേർ കഴുകി പൂക്കൾ അർപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം. ‘കോൺഗ്രസ് നേതാക്കളുടെ സംസ്കാരം’ എന്ന് വിശേഷിപ്പിച്ച ബി.ജെ.പി, രൂക്ഷ വിമർശനവുമായി രംഗത്തെത്തി. തുടർന്ന് ഇത് കുടുംബാംഗങ്ങൾ സ്വമേധയാ നടത്തിയ ആദരസൂചക ചടങ്ങാണെന്നും താൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്നും നാനാ പട്ടോളെ മറുപടി നൽകി.

ഗുരുപൂർണിമ ദിനത്തിൽ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളിൽ നാനാ പട്ടോളെ സോഫയിൽ ഇരിക്കുമ്പോൾ രണ്ട് യുവാക്കൾ അദ്ദേഹത്തിന്റെ കാൽ കഴുകുന്നതും പൂക്കൾ അർപ്പിക്കുന്നതും കാണാം. ചില പഴങ്ങൾ അദ്ദേഹത്തിന്റെ കാലിന് സമീപം വെച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ വൈറലായതിന് പിന്നാലെ മഹാരാഷ്ട്ര റവന്യൂ മന്ത്രിയും ബി.ജെ.പി നേതാവുമായ ചന്ദ്രശേഖർ ബാവൻകുലെ കോൺഗ്രസിനെതിരെ വിമർശനവുമായി രംഗത്തെത്തി. ‘ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കോൺഗ്രസ് നേതാക്കളുടെ സംസ്കാരമാണ്. ഇത്തരം സംഭവങ്ങളിൽ നിന്ന് അവർ പാഠങ്ങൾ പഠിക്കേണ്ടതായിരുന്നു. വിമർശനവും നെഗറ്റീവ് പബ്ലിസിറ്റിയും മാത്രം നേടുന്ന ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എന്തിനാണ്?’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചടങ്ങിനെ രാഷ്ട്രീയവത്കരിക്കേണ്ട കാര്യമില്ലെന്ന് വിവാദത്തോട് പ്രതികരിച്ച നാനാ പട്ടോളെ പറഞ്ഞു. ‘അന്ന് ഗുരുപൂജയായിരുന്നു. എന്റെ കുടുംബത്തിലെ രണ്ട് ഇളയ അംഗങ്ങൾ എന്നെ ഗുരുവായി കാണുന്നുവെന്ന് പറഞ്ഞ് ആദരസൂചകമായി ഇങ്ങനെ ചെയ്യണമെന്ന് നിർബന്ധിച്ചു. ഞാൻ ആരോടും ഇത് ആവശ്യപ്പെട്ടതോ നിർബന്ധിച്ചതോ അല്ല’ നാനാ പട്ടോളെ വിശദീകരിച്ചു. ബി.ജെ.പിക്ക് സംസ്കാരത്തെക്കുറിച്ച് മറ്റുള്ളവരെ ഉപദേശിക്കാൻ ധാർമ്മിക അവകാശമില്ലെന്നും പട്ടോളെ പറഞ്ഞു. ‘സംഭാവനാ ഫണ്ടുകൾ കൊള്ളയടിക്കുന്നവർ ഞങ്ങളെ സംസ്കാരം പഠിപ്പിക്കേണ്ടതില്ല’ എന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - കോൺഗ്രസ് നേതാവിന്റെ കാൽ കഴുകി പൂക്കൾ അർപ്പിച്ച് യുവാക്കൾ | വിമർശനവുമായി ബി​.ജെ.പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.