ന്യൂഡൽഹി: മുതിർന്ന ശാസ്ത്രജ്ഞയായ നല്ലതമ്പി കലൈസെൽവിയെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) മേധാവിയായി നിയമിച്ചു. 38 ഗവേഷണ സ്ഥാപനങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിലെ ഉന്നത സയന്റിഫിക് ബോഡിയുടെ തലപ്പത്ത് ആദ്യമായാണ് ഒരു വനിത എത്തുന്നത്. രണ്ടു വർഷത്തേക്കാണ് നിയമനം.
ശേഖർ മണ്ടെ ഏപ്രിലിൽ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ലിഥിയം ബാക്ടറി മേഖലയിലാണ് കലൈസെൽവി പ്രശസ്തയായത്. തമിഴ്നാട്ടിലെ സി.എസ്.ഐ.ആർ-സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയാണ് നിലവിൽ. സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് കലൈസെൽവിയുടെ ജനനം. അംബസമുദ്രം എന്ന ഗ്രാമത്തിലെ തമിഴ് മീഡിയം സ്കൂളിലായിരുന്നു വിദ്യാഭ്യാസം.
2019 ഫെബ്രുവരിയിൽ സെൻട്രൽ ഇലക്‌ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതാ ശാസ്ത്രജ്ഞയായി മാറി. അതേ ഇൻസ്റ്റിറ്റ്യൂട്ടിൽ എൻട്രി ലെവൽ സയന്റിസ്റ്റായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഇലക്ട്രോകെമിക്കൽ പവർ സിസ്റ്റങ്ങളിലും പ്രത്യേകിച്ച് ഇലക്ട്രോഡ് മെറ്റീരിയലുകളുടെ വികസനത്തിലും ആണ് കൂടുതൽ താൽപര്യം.
ലിഥിയം ബാറ്ററികൾ, സൂപ്പർകപ്പാസിറ്ററുകൾ, ഊർജ സംഭരണത്തിനും ഇലക്ട്രോ കാറ്റലിറ്റിക് ആപ്ലിക്കേഷനുകൾക്കുമായി മാലിന്യത്തിൽ നിന്ന് സമ്പത്തിലേക്ക് നയിക്കുന്ന ഇലക്ട്രോഡുകൾ, ഇലക്ട്രോലൈറ്റുകൾ എന്നിവയാണ് പ്രത്യേക താൽപര്യമുള്ള ഗവേഷണ വിഷയങ്ങൾ. സോഡിയം-അയൺ/ലിഥിയം-സൾഫർ ബാറ്ററികളുടെയും സൂപ്പർകപ്പാസിറ്ററുകളുടെയും നിർമാണത്തിന്റെ ഗവേഷണത്തിലാണിപ്പോൾ. കലൈസെൽവി 125 ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. ആറു പേറ്റന്റുകളും സ്വന്തമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.