ഭർത്താവിനെ ഡിറ്റൻഷൻ കേന്ദ്രത്തിൽനിന്ന് വിട്ടയക്കണം; ഹരജിയുമായി രാജീവ് വധക്കേസിൽ വിട്ടയക്കപ്പെട്ട നളിനി

ചെന്നൈ: തനിക്കൊപ്പം ജയിൽമോചിതനായെങ്കിലും വിദേശ പൗരന്മാർക്കുള്ള ഡിറ്റൻഷൻ സെന്ററിൽ കഴിയുന്ന ഭർത്താവ് മുരുകനെ വിട്ടയക്കണമെന്നാവശ്യ​പ്പെട്ട്, രാജീവ് ഗാന്ധി വധക്കേസിൽ 30 വർഷം ജയിൽശിക്ഷ അനുഭവിച്ചശേഷം മോചിതയായ നളിനി മദ്രാസ് ഹൈകോടതിയിൽ. തിരുച്ചിറപ്പള്ളിയിലെ ഡിറ്റൻഷൻ ക്യാമ്പിൽ കഴിയുന്ന മുരുകൻ എന്ന ശ്രീഹരനെ തന്നോടൊപ്പം ജീവിക്കാനായി വിട്ടയക്കണമെന്നാണ് നളിനിയുടെ ആവശ്യം. ഹരജി സ്വീകരിച്ച ജസ്റ്റിസ് എൻ. ശേഷസായി, വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ് അയച്ചു. ആറാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കാനായി ഹരജി മാറ്റി.

ശ്രീലങ്കൻ പൗരനായ മുരുകനെയും നളിനി​യെയും സുപ്രീംകോടതിയുടെ ഉത്തരവു പ്രകാരം 2022 നവംബർ 11നാണ് ജീവപര്യന്തം തടവിൽനിന്ന് മോചിപ്പിച്ചത്. തുടർന്നിങ്ങോട്ട് തിരുച്ചിറപ്പള്ളിയിലെ വിദേശ പൗരന്മാർക്കായുള്ള ഡിറ്റൻഷൻ കേന്ദ്രത്തിലാണ് മുരുകനെ താമസിപ്പിച്ചിരിക്കുന്നത്. നളിനി ചെന്നൈയിലുമാണ് താമസം.

ജയിൽമോചിതരായ പലർക്കും മാനദണ്ഡങ്ങൾക്കു വിധേയരായി, തമിഴ്നാട്ടിലുള്ള അവരുടെ കുടുംബത്തോടൊപ്പം കഴിയാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് നളിനിയുടെ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. പല വിദേശികൾക്കും അവരുടെ ആവശ്യപ്രകാരം രാജ്യത്ത് അഭയം നൽകാറുണ്ടെന്നും ഹരജിയിൽ പറയുന്നു.

അറസ്റ്റിലായ സമയത്ത് നളിനി ഗർഭിണിയായിരുന്നു. ചെങ്കൽപേട്ട് സബ്ജയിലിൽ കഴിയവേ 1992ൽ മകൾ ജനിച്ചു. മകളിപ്പോൾ വിവാഹിതയായി ഭർത്താവിനൊപ്പം ലണ്ടനിലാണ്. യു.കെ പൗരത്വമുള്ള മകൾക്കൊപ്പം അവിടെ താമസിക്കാനാണ് ഭർത്താവ് ആഗ്രഹിക്കുന്നത്. ഡിറ്റൻഷൻ സെന്ററിൽ കഴിയുന്നതിനാൽ പാസ്​പോർട്ട് ആവശ്യത്തിനായി ഭർത്താവിന് ശ്രീലങ്കൻ എംബസിയുമായി ബന്ധപ്പെടാനും കഴിയുന്നില്ല.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിവിധ സർക്കാർ വകുപ്പുകളിൽ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും നളിനിയുടെ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Nalini moves HC for husband's release from Tiruchi camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.