നായ്ക്കളെ ഉപയോഗിച്ച് നജീബിനെ കണ്ടത്തെണമെന്ന് പൊലീസിനോട് ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: കാണാതായി രണ്ടു മാസത്തോളമായിട്ടും ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടത്തൊനാവാത്ത സാഹചര്യത്തില്‍ അതിനായി മണംപിടിക്കുന്ന പൊലീസ് നായ്ക്കളെ ഉപയോഗിക്കാന്‍ ഡല്‍ഹി ഹൈകോടതിയുടെ നിര്‍ദേശം.  ഇനിയും കൂടുതല്‍ സമയം നഷ്ടപ്പെടുത്താതെ ഹോസ്റ്റലിനകവും ക്ളാസ്റൂമുകളും മേല്‍ക്കൂരകളും അടക്കം കാമ്പസിന്‍െറ മുക്കുമൂലകള്‍ നായ്ക്കളെ ഉപയോഗിച്ച് അരിച്ചുപെറുക്കാനാണ് ജസ്റ്റിസുമാരായ ജി.എസ്. സിസ്താനി, വിനോദ് ഗോയല്‍ എന്നിവര്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടത്. കാണാതായതിന്‍െറ തലേദിവസം നജീബിനെ ആക്രമിച്ചു എന്ന് പറയപ്പെടുന്നവരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ താമസം വരുത്തിയെന്നും കോടതി കുറ്റപ്പെടുത്തി.

സമഗ്രമായ തിരച്ചിലിന് എതിര്‍പ്പില്ളെന്നും അതിനായി പൊലീസിന് എല്ലാ സഹായവും നല്‍കുമെന്നും കാണിച്ച് രണ്ടു ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജെ.എന്‍.യു അധികൃതരോടും വിദ്യാര്‍ഥി യൂനിയനോടും ബെഞ്ച് ആവശ്യപ്പെട്ടു. ജാമിഅ മില്ലിയ സര്‍വകലാശാലയിലും പരിശോധന നടത്താന്‍ പൊലീസിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

ഇതിന് സര്‍വകലാശാല അധികൃതരില്‍നിന്നോ വിദ്യാര്‍ഥികളില്‍നിന്നോ എതിര്‍പ്പുയരുന്നപക്ഷം പൊലീസിന് കോടതിയെ സമീപിക്കാം.  വിദ്യാര്‍ഥി യൂനിയന്‍ ഏതാണെന്നോ അവരെന്താണ് ചെയ്തതെന്നോ ജെ.എന്‍.യു ചെയ്തത് ശരിയോ തെറ്റോ എന്നൊന്നുമല്ല കോടതി നോക്കുന്നത്. ഇവിടെ ആകെക്കൂടി പരിഗണിക്കുന്നത് നജീബ് എവിടെ അപ്രത്യക്ഷനായി എന്നതാണ് -കോടതി പറഞ്ഞു. നജീബിന്‍െറ മാതാവ് ഫാത്തിമ നഫീസ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ചാണ് ഉത്തരവ്.

നജീബീന് നീതിതേടി മാതാവിന്‍െറ നേതൃത്വത്തില്‍ പാര്‍ലമെന്‍റ് മാര്‍ച്ച്

 ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് (ജെ.എന്‍.യു) കാണാതായ  വിദ്യാര്‍ഥി നജീബ് അഹ്മദിന് നീതിതേടിയും കുറ്റക്കാരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ബുധനാഴ്ച പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തി. നജീബിന്‍െറ മാതാവിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ വിദ്യാര്‍ഥികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

മാണ്ഡി ഹൗസില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് സമാജ് വാദി പാര്‍ട്ടി എം.പി ധര്‍മേന്ദര്‍ സിങ് യാദവ് ഉദ്്ഘാടനം ചെയ്തു. മാതാവ് ഫാത്വിമ നഫീസ്, സഹോദരി സദഫ് ഇര്‍ഷാദ്, ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളായ മോഹിത് പാണ്ഡെ, ഷെഹ്ല റാഷിദ്, വെല്‍ഫയര്‍ പാര്‍ട്ടി അഖിലേന്ത്യ പ്രസിഡന്‍റ് എസ്.ക്യു.ആര്‍. ഇല്യാസ് തുടങ്ങി വിവിധ നേതാക്കള്‍ സംസാരിച്ചു.
നജീബിനെ കണ്ടത്തെണമെങ്കില്‍ മര്‍ദിച്ചവരെ ചോദ്യം ചെയ്യണം. അതിന് പൊലീസോ സര്‍വകലാശാലയോ തയാറാകുന്നില്ല.

നീതിനല്‍കുന്നതിനുപകരം നജീബിനെ പ്രതിയാക്കാനാണ് സര്‍വകലാശാല ശ്രമിക്കുന്നതെന്നും ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ആരോപിച്ചു. എ.ബി.വി.പി. പ്രവര്‍ത്തകരുടെ മര്‍ദനത്തത്തെുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15നാണ് ഉത്തര്‍പ്രദേശ് ബദായൂന്‍ സ്വദേശി നജീബിനെ സര്‍വകലാശാല ഹോസ്റ്റലില്‍വെച്ച് കാണാതാവുന്നത്്. ജെ.എന്‍.യു, ജാമിയ മില്ലിയ, അലീഗഢ്, ലഖ്നോ തുടങ്ങിയ സര്‍വകലാശാലയില്‍നിന്നടക്കം നുറകണക്കിന് വിദ്യാര്‍ഥികളും എ.ഐ.ഐ.എം, സമാജ്വാദി പാര്‍ട്ടി തുടങ്ങി വിവിധ പാര്‍ട്ടി പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു.

 

 

Tags:    
News Summary - najeeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.