??????? ????? ??.????.?? ??????????

നജീബ് അഹ്മദിനെ തേടി ഉമ്മ കാമ്പസില്‍

ന്യൂഡല്‍ഹി: ‘എന്‍െറ മകനെ തിരിച്ചുതരൂ, അവനെ മര്‍ദിച്ചവര്‍ ഇവിടെ മാന്യരായി നടക്കുന്നു, എവിടെ കൊണ്ടുപോയി എന്‍െറ മകനെ എന്നെങ്കിലും പറഞ്ഞുതരൂ...’ -വിദ്യാര്‍ഥികളുടെ മുദ്രാവാക്യം വിളിക്ക് മുകളിലും മുഴങ്ങുകയാണ് ഒരു ഉമ്മയുടെ കരച്ചില്‍. ഫാത്തിമാ നഫീസ് നാലുദിവസമായി ഇവിടെയുണ്ട്; ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേഷന്‍ ബ്ളോക്കിനു മുന്നില്‍. കാമ്പസില്‍നിന്ന് ദുരൂഹമായി കാണാതായ മകന്‍ നജീബ് അഹ്മദിനത്തെിരക്കി ഉത്തര്‍പ്രദേശിലെ ബദായൂനില്‍നിന്ന് എത്തിയതാണ്. കാമ്പസിലെ മഹി ഹോസ്റ്റലില്‍വെച്ച് ക്രൂര മര്‍ദനത്തിനിരയായ കാര്യം മകന്‍ വിളിച്ചുപറഞ്ഞിരുന്നു. ശനിയാഴ്ച സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് പരിശോധനക്ക് കൊണ്ടുപോകുന്ന കാര്യവും അറിഞ്ഞു. സംഭവമറിഞ്ഞയുടന്‍ നാട്ടില്‍നിന്ന് വണ്ടി കയറി എത്തിയപ്പോള്‍ അവന്‍െറ ചെരിപ്പുകളും ചിതറിക്കിടക്കുന്ന പുസ്തകങ്ങളും മാത്രമാണ് മുറിയിലുണ്ടായിരുന്നത് -അവര്‍ പറഞ്ഞു.

ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത കുട്ടിയാണവന്‍. പഠിക്കണം, വലുതാവണം എന്ന മോഹം മാത്രമേ അവനുണ്ടായിരുന്നുള്ളൂ. ഇതുപോലൊരിടത്ത് പഠിപ്പിക്കാന്‍ കഴിയുമെന്ന് കരുതിയതല്ല. മരപ്പണിയായിരുന്നു ഉപ്പക്ക്. ഹൃദ്രോഗമുണ്ട്, വീഴ്ചയില്‍ പരിക്കുപറ്റി കിടപ്പാണ്. ഒരു കടമുറിയുടെ വാടകകൊണ്ടാണ് കഴിയുന്നത്. നജീബ് പഠിച്ച് കരപറ്റുമ്പോള്‍ കഷ്ടതകളെല്ലാം നീങ്ങും എന്ന പ്രതീക്ഷയിലായിരുന്നു. അത് തകര്‍ത്തുകളയരുത്. ജാമിഅയിലും അലീഗഢിലും ഹംദര്‍ദിലുമെല്ലാം അവന്‍ പ്രവേശ പരീക്ഷ എഴുതിയിരുന്നു, ജാമിഅയില്‍ ചേരുകയും ചെയ്തു, അതിനു ശേഷമാണ് ജെ.എന്‍.യു പ്രവേശം ലഭിച്ചത്.

അവന് ഇഷ്ടമുള്ളിടത്ത് പഠിക്കാന്‍ വിടണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഇനി വേറെ ആഗ്രഹങ്ങളില്ല, അവനെയൊന്ന് കാണണം, പിന്നെ എന്‍െറ കുട്ടിയെയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോളാം... ഇതു പറയുന്നതിനിടെ അവര്‍ വീണുപോയി. അധികൃതരൊന്നും അല്‍പനേരം ഫാത്തിമാ നഫീസിന്‍െറ അടുത്തിരിക്കാനോ ആശ്വാസവാക്കു പറയാനോ തയാറായിട്ടില്ല. രോഗങ്ങളുണ്ട് നഫീസക്ക്. പക്ഷേ, ഇപ്പോള്‍ അവര്‍ക്ക് അതിലൊന്നും ശ്രദ്ധയില്ല, മരുന്ന് കഴിക്കുന്നില്ല. കൂടെ വന്ന ബന്ധുവും നജീബിന്‍െറ കൂട്ടുകാരും നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിക്കുന്നുണ്ട്. ആരോ കൊണ്ടുവന്നു കൊടുത്ത ഒരു പാത്രം ഭക്ഷണം അടുത്തിരിപ്പുണ്ട്. അവരത് തുറന്നിട്ടില്ല,  ഭക്ഷണമെന്തെങ്കിലും കഴിക്കാന്‍ പറഞ്ഞവരോട് ഉമ്മ പറയുന്നു -എന്‍െറ കുട്ടി എവിടെയാണാവോ, അവന്‍ എന്തെങ്കിലും കഴിച്ചിട്ടുണ്ടാകുമോ... അവന്‍ വന്നിട്ട് കഴിക്കാം.

അനാസ്ഥക്കെതിരെ അധ്യാപകരും

എ.ബി.വി.പിയുടെ അക്രമത്തെയും വധഭീഷണിയെയും തുടര്‍ന്ന് വിദ്യാര്‍ഥിയെ കാണാതായ സംഭവത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല അധികൃതര്‍ പുലര്‍ത്തുന്ന അനാസ്ഥക്കെതിരെ അധ്യാപകര്‍ രംഗത്ത്. ഒന്നാം വര്‍ഷ എം.എസ്സി വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് വി.സിക്കെതിരെ രൂക്ഷവിമര്‍ശവുമായി ജെ.എന്‍.യു ടീച്ചേഴ്സ് അസോസിയേഷന്‍ രംഗത്തുവന്നത്. സംഭവത്തില്‍ അധികൃതര്‍ പക്ഷപാത നിലപാടാണ് സ്വീകരിച്ചതെന്നും സര്‍വകലാശാലാ സമൂഹത്തിന്‍െറ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ കടുത്ത വീഴ്ച വരുത്തിയെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് അജയ് പട്നായിക്, ജനറല്‍ സെക്രട്ടറി വിക്രമാദിത്യ ചൗധരി എന്നിവര്‍ പറഞ്ഞു.

Tags:    
News Summary - najeeb ahamed jnu student missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.