ആമിർ ഖാൻ മുത്താഖി- ജാവേദ് അക്തർ
അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താഖിക്ക് ഇന്ത്യയിൽ നൽകിയ സ്വീകരണത്തെയും ആദരവിനെയും വിമർശിച്ചുകൊണ്ട് മുതിർന്ന ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ അടുത്തിടെ തന്റെ സമൂഹ മാധ്യമ പ്ലാറ്റ് ഫോമിലെ ഒരു പോസ്റ്റിൽ അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങൾ കാണുമ്പോൾ തനിക്ക് നാണക്കേട് കൊണ്ട് തല കുനിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ആറ് ദിവസത്തെ ഇന്ത്യ സന്ദർശനത്തിലാണ് മുത്താഖിഇപ്പോൾ.
2021 ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിനുശേഷം ഒരു താലിബാൻ നേതാവ് ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമാണ്. ശനിയാഴ്ച ഇന്ത്യയിലെത്തിയ അഫ്ഗാൻ വിദേശകാര്യ മന്ത്രി ഉത്തർപ്രദേശിലെ സഹാറൻപുരിലുള്ള ദാറുൽ ഉലൂം ദിയോബന്ദ് സന്ദർശിച്ചു, അവിടെ അദ്ദേഹത്തിന് ഗംഭീര സ്വീകരണം ലഭിച്ചു. വാസ്തവത്തിൽ, ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ഇസ്‍ലാമിക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ് ദാറുൽ ഉലൂം ദിയോബന്ദ്. ഇതിൽ ജാവേദ് അക്തർ അതൃപ്തി പ്രകടിപ്പിച്ചു.
‘ലോകത്തിലെ ഏറ്റവും മോശം ഭീകര സംഘടനയായ താലിബാന്റെ പ്രതിനിധിക്ക് എല്ലാത്തരം ഭീകരതക്കെതിരെയും സംസാരിക്കുന്നവർ നൽകുന്ന ബഹുമാനവും സ്വീകരണവും കാണുമ്പോൾ, എന്റെ തല ലജ്ജ കൊണ്ട് താഴുന്നു.’ ജാവേദ് അക്തർ സമൂഹമാധ്യമ പ്ലാറ്റ് ഫോമായ എക്സിൽ എഴുതിയതാണിത്.
‘പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും നിരോധിച്ചവരിൽ ഒരാളായ അവരുടെ ഇസ്‍ലാമിക നായകനെ ഇത്ര ബഹുമാനത്തോടെ സ്വാഗതം ചെയ്തതിൽ ദിയോബന്ദും ലജ്ജിക്കണം. എന്റെ ഇന്ത്യൻ സഹോദരീ സഹോദരന്മാരേ, നമുക്ക് എന്താണ് സംഭവിക്കുന്നത്?"
ഒരു രാഷ്ട്രീയ വിഷയത്തിൽ ജാവേദ് അക്തർ സംസാരിക്കുന്നത് ഇതാദ്യമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ദേശീയ, അന്തർദേശീയ വിഷയങ്ങളിൽ അദ്ദേഹം മുമ്പ് തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് കണ്ടിട്ടുണ്ട്, ഇത് പലപ്പോഴും ട്രോളിങ്ങിനും കാരണമായിട്ടുണ്ട്. ഇപ്പോൾ, ജാവേദ് അക്തറിന്റെ ഈ ട്വീറ്റിന് ശേഷം, സമൂഹമാധ്യമങ്ങളിൽ ചിലർ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു, മറ്റുള്ളവർ അദ്ദേഹത്തെ ട്രോളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.