മുസ്‍ലിംകുട്ടിയെ തല്ലുന്ന ആ വിഡിയോ ജി 20 സമ്മേളനത്തിൽ പ്രദർശിപ്പിക്കൂ, നിങ്ങളുടെ വിദ്വേഷ അജണ്ട തെളിയിക്കൂ -ബി.ജെ.പിയോട് അഖിലേഷ് യാദവ്

മുസഫർനഗർ: മുസ്‍ലിം സഹപാഠിയെ തല്ലാൻ അധ്യാപിക ആവശ്യപ്പെടുന്ന വിഡിയോ വൈറലായതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് നേതാവും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. രാജ്യത്ത് വിദ്വേഷം വളർത്തുന്ന ബി.ജെ.പി സർക്കാർ, ഇന്ത്യയിൽ നടക്കാനിരിക്കുന്ന ജി 20 സമ്മേളനത്തിൽ ആ വിഡിയോ പ്രദർശിപ്പിക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ബി.ജെ.പി പടർത്തുന്ന വിദ്വേഷത്തിൽ നിന്ന് അധ്യാപകരും മുക്തരായിട്ടില്ലെന്നും രാജ്യത്ത് വിദ്വേഷം പടർത്തുന്ന ബിജെപി അജണ്ടയുടെ ഫലമാണ് വിദ്യാർഥികളോട് സഹപാഠിയെ അടിക്കാൻ അധ്യാപിക ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘മുസഫർനഗറിൽ നിന്നുള്ള ഒരു വൈറൽ വിഡിയോയിൽ, ഒരു അധ്യാപിക ന്യൂനപക്ഷ സമുദായത്തി​ലെ കുട്ടിയെ മറ്റ് കുട്ടിക​ളെ ഉപയോഗിച്ച് മർദിപ്പിക്കുന്നതായി കണ്ടു. ഇതിൽ അവൾ ഇരട്ട കുറ്റം ചെയ്തിരിക്കുന്നു. അവൾ കുട്ടിയെ തല്ലുന്നു, മറ്റ് കുട്ടികളെ അക്രമാസക്തരാക്കുന്നു. ബി.ജെ.പി സർക്കാർ തങ്ങളുടെ വിദ്വേഷ അജണ്ട ശരിയാണെന്ന് തെളിയിക്കാൻ ജി 20 യോഗത്തിൽ ഈ വീഡിയോ കാണിക്കണം. ഇത്തരമൊരു അധ്യാപിക, അധ്യാപക സമൂഹത്തിന് കളങ്കമാണ്. ആ അധ്യാപികയെ ശിക്ഷിക്കാൻ രാജ്യത്തെ മുഴുവൻ അധ്യാപകരും ശബ്ദമുയർത്തണം’ -അഖിലേഷ് ട്വീറ്റ് ചെയ്തു.

മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിലായിരുന്നു രാജ്യത്തെ പിടിച്ചുലച്ച സംഭവം. ക്ലാസ് മുറിയിൽ മുസ്‍ലിം വിദ്യാർഥിയെ എഴുന്നേൽപിച്ച് നിർത്തിയ അധ്യാപിക, മറ്റുവിദ്യാർഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിക്കുകയായിരുന്നു. ഇത് മറ്റൊരാൾ വിഡിയോയിൽ പകർത്തി പ്രചരിപ്പിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് മർദനത്തിനിരയായ ഏഴുവയസ്സുകാരൻ പറഞ്ഞു. തൃപ്ത ത്യാഗി എന്ന അധ്യാപികയാണ് ഈ ക്രൂരകൃത്യം നടത്തിയത്.

പിഞ്ചുകുട്ടികളെ അധ്യാപിക വിദ്വേഷ കുറ്റകൃത്യത്തിനിരയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ എല്ലാ മുക്കുമൂലകളിലും തീയിടാൻ ബി.ജെ.പി പകരുന്ന എണ്ണയാണ് അവിടെയും ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ‘നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, ഒരു സ്‌കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നു. രാജ്യത്ത് ഒരു അധ്യാപകന് ഇതിനേക്കാൾ മോശമായി ഇനി ഒന്നും ചെയ്യാൻ കഴിയില്ല. ഇന്ത്യയുടെ എല്ലാ കോണിലും തീയിടാൻ ബി.ജെ.പി പകരുന്ന അതേ മണ്ണെണ്ണയാണ് ഇവിടെയും ഒഴിച്ചത്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവരെ വെറുക്കരുത്. നമുക്ക് എല്ലാവർക്കും ഒരുമിച്ച് സ്നേഹിക്കാൻ പഠിപ്പിക്കാം’ -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Tags:    
News Summary - Muzaffarnagar School Viral Video: Akhilesh Yadav Slams BJP For Spreading Hate, Asks Centre To Show Video In G20 Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.