മുത്തലാഖും ബഹുഭാര്യത്വവും: സുപ്രീംകോടതി ഇന്നുമുതൽ വാദം കേൾക്കും
ന്യൂഡൽഹി: ബഹുഭാര്യത്വം, മുത്തലാഖ്, ചടങ്ങുകല്യാണം എന്നിവ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജികളിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യാഴാഴ്ച വാദം കേട്ടുതുടങ്ങും. സുപ്രീംകോടതിയിലെ മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു, സിഖ്, പാഴ്സി മതവിഭാഗങ്ങളിൽനിന്നുള്ള അഞ്ച് ജഡ്ജിമാരാണ് കേസ് പരിഗണിക്കുന്നതെന്ന പ്രത്യേകതയുണ്ട്.
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ അധ്യക്ഷതയിലുള്ള ബെഞ്ചിൽ ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, യു.യു. ലളിത്, രോഹിങ്ടൺ നരിമാൻ, അബ്ദുൽ നസീർ എന്നിവരാണ് സഹ ജഡ്ജിമാർ. ഹിന്ദു പിന്തുടർച്ചാവകാശ കേസിൽ വിധി പറയുന്നതിനിടെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യദാഹവും പരിശോധിക്കാൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലൂടെയാണ് മുത്തലാഖും ബഹുഭാര്യത്വവും ചടങ്ങുകല്യാണവും നിരോധിക്കുന്ന വിഷയം പരിഗണനക്ക് വന്നത്.
മുസ്ലിം വ്യക്തിനിയമം അനുവദിക്കുന്ന ബഹുഭാര്യത്വം ഭരണഘടനവിരുദ്ധമാണോ? ഒരു മുസ്ലിം ഭാര്യയുടെയോ കോടതിയുടെയോ അനുമതിയില്ലാതെ ഒരേയിരുപ്പിൽ മൂന്ന് മൊഴി ചൊല്ലുന്നത് ഭരണഘടനവിരുദ്ധമാണോ? ഒരു മുസ്ലിം ഒന്നിലേറെ ഭാര്യമാരെ നിലനിർത്തുന്നത് ക്രൂരമായ പ്രവൃത്തിയാണോ? എന്നീ ചോദ്യങ്ങളാണ് മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യദാഹത്തിെൻറ പേരിൽ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത ആദ്യ കേസിലുള്ളത്. തുടർന്ന് വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ പേരിൽ, ത്വലാഖ് നിരോധനമാവശ്യപ്പെട്ട് ഏതാനും ഹരജികളും വന്നു.
മുത്തലാഖ്, ബഹുഭാര്യത്വം എന്നിവ നിയമവിരുദ്ധമാക്കാൻ ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ ചടങ്ങു കല്യാണം (നിക്കാഹ് ഹലാല) നിരോധിക്കണമെന്ന നിലപാടും കൈക്കൊണ്ടു. സമത്വം, ലിംഗനീതി എന്നിവക്കെതിരാണ് മുത്തലാഖും ബഹുഭാര്യത്വവും നിക്കാഹ് ഹലാലയുമെന്നും അതിനാൽ, അവക്കുള്ള നിയമസാധുത പുനഃപരിശോധിക്കണമെന്നുമാണ് കേന്ദ്രനിലപാട്. എന്നാൽ, ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഇൗ വിഷയം തീർപ്പാക്കേണ്ടത് ഇസ്ലാമിക പണ്ഡിതരാണെന്നും സുപ്രീംകോടതിയല്ലെന്നുമുള്ള നിലപാടാണ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് കൈക്കൊണ്ടത്.
സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലൂടെ പുനഃപരിശോധനക്ക് വെച്ചിരിക്കുന്നത് മതവിശ്വാസികളുടെ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും അവ ചോദ്യംചെയ്യുന്നത് ഭരണഘടനയുടെ ലംഘനമാണെന്നുമാണ് ബോർഡ് ബോധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.