ന്യൂഡൽഹി: ലോക വിനോദ സഞ്ചാര ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസിന്‍റെ ട്വീറ്റ്. ലോക രാജ്യങ്ങളിൽ ഇടക്കിടെ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രിക്കെതിരെ ഇതിന് മുമ്പും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. മോദിക്ക് വിനോദ സഞ്ചാര ദിനാശംസകൾ നേർന്ന് കൊണ്ടാണ് കോൺഗ്രസ് ട്വീറ്റ് പങ്കുവെച്ചത്.
പ്രധാനമന്ത്രിക്ക് ലോക വിനോദ സഞ്ചാര ദിനാശംസകൾ നേരുന്നു. വിലയേറിയ വിമാന യാത്രകൾ നടത്തുന്നതാണ് നിങ്ങൾക്കിഷ്ടം. സുരക്ഷിതമായി പറക്കുക- ട്വീറ്റിൽ കോൺഗ്രസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ യാത്രകളുടെ ചിത്രങ്ങളും ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി മോദിയിപ്പോൾ ടോക്കിയോലാണുള്ളത്. നിരവധി രാജ്യാന്തര നേതാക്കൾക്കൊപ്പം മോദി ആബെക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
യുനൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്‍റെ ആഹ്വാന പ്രകാരമാണ് എല്ലാ വർഷവും സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങളിൽ വിനോദ സഞ്ചാരത്തിന്‍റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഈ ദിനം ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.