മുസ്‌ലിം വേൾഡ് ലീഗ് മേധാവി ഇന്ത്യയിലേക്ക്; അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ ഈസ ആറ് ദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തും. ജൂലൈ 10 മുതൽ 15 വരെയാണ് സന്ദർശനം. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ജൂലൈ 11ന് ഖുസ്‌റു ഫൗണ്ടേഷൻ ഇന്ത്യാ ഇസ്‌ലാമിക് കൾച്ചറൽ സെന്ററിൽ സംഘടിപ്പിക്കുന്ന മത-സാമുദായിക നേതാക്കളുടെയും അക്കാദമിക് വിദഗ്ധരുടെയും മാധ്യമപ്രവർത്തകരുടെയും സമ്മേളനത്തിൽ അൽ ഈസ പ്രസംഗിക്കും. അജിത് ഡോവലും സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ദ്രൗപതി മുർമു, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി എന്നിവരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. അക്ഷർധാം ക്ഷേത്ര സന്ദർശനവും ഡൽഹി ജുമാ മസ്ജിദി​ൽ ജുമുഅ നമസ്കാരവും ആറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയിലെ ഇസ്‍ലാമിക പണ്ഡിതനായ അൽ ഈസ 2016ൽ മുസ്‌ലിം വേൾഡ് ലീഗിന്റെ സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ടത്. അതിനുമുമ്പ് സൗദി മന്ത്രിസഭയിൽ നീതിന്യായ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന സർക്കാരിതര സംഘടനയായ മുസ്‌ലിം വേൾഡ് ലീഗിന്റെ സെക്രട്ടറി ജനറൽ എന്ന നിലയിൽ, വിവിധ മതങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. 

Tags:    
News Summary - Muslim World League Secretary General Mohammad Bin Abdulkarim Al-Issa likely to arrive in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.