ശിയ, പസ്മാന്ത മുസ്‍ലിംകൾക്കായി ചൂണ്ടയെറിഞ്ഞ് ബി.ജെ.പി

ന്യൂഡൽഹി: 2024ൽ ബി.ജെ.പിക്കെതിരെ ഐക്യ പ്രതിപക്ഷ സ്ഥാനാർഥികൾ വന്നാൽ മുസ്‍ലിം വോട്ടുകൾ ഒന്നാകെ തങ്ങൾക്കെതിരെ കേന്ദ്രീകരിക്കാതിരിക്കാനുള്ള തന്ത്രങ്ങൾ ബി.ജെ.പി പുറത്തെടുത്തു തുടങ്ങിയിരിക്കുന്നു. മുസ്‍ലിം സമുദായത്തിൽനിന്ന് ശിയ, പസ്മാന്ത വിഭാഗങ്ങൾക്ക് ബി.ജെ.പി ഇട്ടുകൊടുത്ത ചൂണ്ടകളാണ് ദേശീയ ഭാരവാഹി പ്രഖ്യാപനവും മുഹർറം ആചരണത്തിനുള്ള പിന്തുണയും.

ജമ്മു-കശ്മീരിൽ മൂന്നു പതിറ്റാണ്ടിനിടയിൽ നടക്കാത്ത തരത്തിൽ 40,000 പേരുടെ മുഹർറം ഘോഷയാത്രക്ക് അവസരമൊരുക്കിയെന്ന് ശിയ വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പി വലിയ പ്രചാരണം നടത്തുന്നതിനിടയിലായിരുന്നു ശനിയാഴ്ച പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇതുകൂടാതെ കശ്മീരിൽ മുഹർറം പത്തിന് നടക്കുന്ന ചടങ്ങിൽ അതിഥിയായി പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാവായ ഗവർണർ അറിയിച്ചിട്ടുണ്ട്. ശിയ വിഭാഗത്തെ സ്വാധീനിക്കാൻ ഇമാം ഹുസൈന്റെ ത്യാഗത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത അതേ ദിവസമാണ് ഉത്തർപ്രദേശിൽ പാർട്ടിക്ക് മേൽവിലാസമുണ്ടാക്കാൻ പരിശ്രമിക്കുന്ന പസ്മാന്ത വിഭാഗക്കാരനായ അലീഗഢ് മുസ്‍ലിം സർവകലാശാല വൈസ് ചാൻസലറെ പാർട്ടി ഉപാധ്യക്ഷനാക്കിയത്. നിലവിൽ മുസ്‍ലിം ഉപാധ്യക്ഷനായുള്ള അബ്ദുല്ലക്കുട്ടിയെ നിലനിർത്തിക്കൊണ്ടാണിത്. അലീഗഢ് വി.സി എന്ന നിലയിൽ സർവകലാശാലയിൽ ആർ.എസ്.എസ് അജണ്ട നടപ്പാക്കിയതിനുള്ള പ്രതിഫലമായാണ് താരീഖ് മൻസൂറിനെ ഉത്തർപ്രദേശ് ലെജിസ്ലേറ്റിവ് കൗൺസിലിൽ അംഗമാക്കിയത്.

സംഘ്പരിവാർ ദേശീയ മുസ്‍ലിമിന്റെ പ്രതീകമായി താരീഖ് മൻസൂറിനെ ഉയർത്തിക്കാണിക്കാനും തുടങ്ങി. ഇതിനു പിന്നാലെയാണ് പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പൊടുന്നനെ ഉയർത്തുന്നത്. ദലിത് പിന്നാക്ക വിഭാഗങ്ങളിൽനിന്ന് ഇസ്‍ലാമിലേക്ക് വന്ന പസ്മാന്ത മുസ്‍ലിംകളെ മുഖ്യധാര മുസ്‍ലിം സംഘടനകളും അവയുടെ നേതൃത്വങ്ങളും അവഗണിക്കുന്നത് അവസരമാക്കി കണ്ടാണ് മോദി അവരെ പിടിക്കാനിറങ്ങിയത്. ഇതിനു ശേഷമാണ് ജംഇയ്യതുൽ ഉലമായെ ഹിന്ദ് അടക്കമുള്ളവർ പസ്മാന്തകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പരസ്യമായി സംസാരിച്ചുതുടങ്ങിയത്.

എ.പി. അബ്ദുല്ലക്കുട്ടിക്ക് ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവി നൽകിയ ശേഷവും ബി.ജെ.പി ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് തുടരാൻ അനുവദിച്ചത് ഒരു പദവിയും കിട്ടാത്ത കേരളത്തിലെ പാരമ്പര്യ ബി.ജെ.പി നേതാക്കൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് കേന്ദ്ര നേതൃത്വത്തിനറിയാത്തതല്ല. മുമ്പ് ദേശീയതലത്തിലുണ്ടായിരുന്ന ശോഭ സുരേന്ദ്രൻ പാർട്ടി അവഗണന മൂലം മാറിനിൽക്കുന്നത് അവരുടെ മുന്നിലുണ്ട്. കേരളത്തിൽ ഫലം ചെയ്തില്ലെങ്കിലും ദേശീയ ഉപാധ്യക്ഷനായ ഹജ്ജ് കമ്മിറ്റി ചെയർമാനെ കാണിച്ച് കേരളത്തിനു പുറത്തുള്ള മുസ്‍ലിംകളിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.

Tags:    
News Summary - Muslim vote in 2024 if united opposition candidates come against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.