പ്രതീകാത്മക ചിത്രം

വീടുകൾ ഇടിച്ചുനിരത്തി, തൊഴിലെടുക്കാൻ അനുവാദമില്ല; ന്യൂനപക്ഷ വേട്ടയുടെ പുതിയ ഗുജറാത്ത് മോഡലിങ്ങനെ

സുരക്ഷാ കാരണങ്ങൾ ചൂണ്ടികാണിച്ചും അനധികൃത നിർമാണമെന്നാരോപിച്ചും ഗുജറാത്തിലെ തീരദേശത്ത് മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരുടെ വീടുകളും കെട്ടിടങ്ങളും തകർക്കുന്ന നടപടി തുടരുന്നു. സൗരാഷ്ട്ര മേഖലയിലെ തീരദേശത്ത് ഒക്ടോബർ ഒന്നിന് തുടങ്ങിയ നടപടി നിർബാധം തുടരുകയാണ്.

ആയിരക്കണക്കിന് കെട്ടിടങ്ങളാണ് ഇതിനകം തകർത്തത്. നടപടിയെ തുടർന്ന് നിരവധിയാളുകൾ ഭവനരഹിതരായി. അനധികൃത നിർമാണമാണെന്നാരോപിച്ചും സുരക്ഷാ കാരണങ്ങൾ ചൂണ്ടികാണിച്ചുമാണ് നടപടി.

തീരദേശത്തെ മുസ്‍ലിം വിഭാഗങ്ങൾ വർഷങ്ങളായി വേട്ടയാടലിന് ഇരയാകുകയാണെന്നും ഇപ്പോഴത്തെ നടപടി അതിന്റെ തുടർച്ചയാണെന്നും ന്യൂനപക്ഷ പ്രതിനിധികൾ പറയുന്നു. പോർബന്തറിനടുത്ത ഗോസബാരയിലെ നൂറുകണക്കിന് മുസ്‍ലിം കുടുംബങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന വേട്ടയാടൽ ഇതിന്റെ ഉദാഹരണമായി അവർ ചൂണ്ടികാണിക്കുന്നുണ്ട്.

വിശ്വഹിന്ദു പരിഷത്, ബജ്റംഗ് ദൾ തുടങ്ങിയ പാർട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗോസബാരയിലെ ആളുകൾക്ക് മീൻ പിടിക്കാനുള്ള അനുവാദം പോലും അധികൃതർ തടഞ്ഞിരുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരും സാമൂഹ്യ വിരുദ്ധരുമാണെന്ന് ആ​രോപിച്ചാണ് ഗോസബാരയിലെ മീൻ പിടുത്തക്കാർക്കെതിരെ ഹിന്ദുത്വ സംഘടനകൾ പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മീൻപിടിക്കാനുള്ള അനുവാദം തന്നെ അധികൃതർ തടയുകയായിരുന്നു.

വിചിത്രമായ നടപടി സംബന്ധിച്ച് അധികൃതരോട് അന്വേഷിച്ചപ്പോൾ മുകളിൽ നിന്ന് നിർദേശമുണ്ടെന്ന മറുപടിയാണ് ലഭിച്ച​തെന്ന് ഗോസബാരയിലെ മീൻപിടുത്തക്കാരുടെ പ്രതിനിധി അല്ലാരഖ പറയുന്നു.

ഗോസബാരയിലെ ആളുകൾക്ക് നവിബന്ദറിൽ മീൻപിടുത്തത്തിന് അനുവാദം നൽകിയാൽ പ്രശ്നങ്ങളുണ്ടാകുമെന്നും അതിന്റെ ഉത്തരവാദിത്വം അവർക്ക് അനുവാദം നൽകുന്ന അധികൃതർക്കാകുമെന്നും കാണിച്ചാണ് ഹിന്ദുത്വ സംഘടനകൾ പരാതി നൽകിയത്. ഗോസബാരയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണവും പരാതികളിലുണ്ടായിരുന്നു. എന്നാൽ, ആരോപണങ്ങൾക്കൊന്നും തെളിവുകളുണ്ടായിരുന്നില്ല. എഴു പരാതികളിൽ ആറും ഒരേ പരാതിയുടെ വ്യത്യസ്ത പകർപ്പുകളായിരുന്നുവെന്നതാണ് അതിലേറെ രസകരം. താഴെ ഒപ്പുവെച്ച ആളുകൾ മാത്രമാണ് മാറിയിരുന്നത്.

പരാതികളുടെ അടിസ്ഥാനത്തിൽ ഗോസബാരയിലെ മുസ്‍ലിംകളുടെ മീൻ പിടുത്തം മാർച്ച് രണ്ടിന് അധികൃതർ തടയുകയായിരുന്നു. തൊഴിലെടുക്കാനുള്ള അവകാശം തടഞ്ഞ അധികൃതരുടെ നടപടിക്കെതിരെ വേറിട്ട നീക്കമാണ് ഗോസബാരയിലെ മുസ്‍ലിം മുക്കുവ സമൂഹം നടത്തിയത്.

600 ഒാളം ആളുകൾക്ക് കൂട്ട ദയാവധത്തിന് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് അവർ ഹൈകോടതിയെ സമീപിച്ചു. അറിയാവുന്ന തൊഴിൽ ചെയ്യാൻ അനുവാദമില്ലെങ്കിൽ ദയാവധത്തിന് അനുവദിക്കണമെന്നായിരുന്നു മുക്കുവരുടെ ആവശ്യം. അതിന് ശേഷമാണ് മുക്കുവർക്ക് മീൻ പിടിക്കാൻ അധികൃതർ അനുവാദം നൽകിയത്.

ഒക്ടോബറിൽ തുടങ്ങിയ തകർക്കൽ നടപടിയിൽ ഗോസബാരയിലെ മുക്കുവരുടെ വീടുകളും കെട്ടിടങ്ങളും തകർത്തിട്ടുണ്ട്. പോർബന്തറിൽ എട്ടിടങ്ങളിൽ വീടുകളും കടകളും കെട്ടിടങ്ങളും ദർഗകളും ​പൊളിച്ച് നീക്കിയിട്ടുണ്ട്. നോട്ടീസ് നൽകലോ, വാദം കേൾക്കലോ വിചാരണയോ ഒന്നുമില്ലാതെ മണ്ണുമാന്തി യന്ത്രങ്ങൾ പൊലീസും കോടതിയും ജഡ്ജിയുമൊക്കെയാകുന്ന വിചിത്ര കാഴ്ചയാണ് ഇപ്പോൾ ഗുജറാത്തിന്റെ തീരദേശത്തുള്ളത്. 

Tags:    
News Summary - Muslim Homes in Gujarat Demolished Under the Garb of Security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.