ശ്രീനഗർ: കശ്മീരിലെ മുസ്ലീംകളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സ്കൂളുകളിൽ നടത്തി വരുന്ന ഭജനകളും സൂര്യനമസ്കാരവും അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർഥിച്ച് വിവിധ മത സാമൂഹിക വിദ്യാഭ്യാസ സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്‌ലിസെ ഉലമ. പ്രദേശത്തെ സർക്കാർ സ്‌കൂളിലെ വിദ്യാർഥികൾ 'രഘുപതി രാഘവ് രാജാറാം' പാടുന്നതിന്‍റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് പ്രസ്താവനയുമായി സംഘടന രംഗത്തെത്തിയത്.
ഹിന്ദു കീർത്തനങ്ങൾ ചൊല്ലാനും സൂര്യനമസ്കാരം നടത്താനും സർക്കാർ സ്കൂളിലെ വിദ്യാർഥികളെ നിർബന്ധിക്കുക വഴി കശ്മീരി മുസ്‍ലിംകളുടെ സ്വത്വം നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് എം.എം.യുവിന്‍റെ പ്രസ്താവനയിൽ പറയുന്നു. സർക്കാർ തീരുമാനം മുസ്‍ലിംകളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയും അവരിൽ വേദയുണ്ടാക്കുകയും ചെയ്യുന്നു. യോഗയുടെയും പ്രഭാത പ്രാർഥനയുടെയും പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെ ഭജന ചൊല്ലാനും സൂര്യനമസ്കാരം ചെയ്യാനും നിർബന്ധിക്കുന്നത് സംഘടന എതിർത്തു. മതപരമായ ആചാരങ്ങളുടെ അടിസ്ഥാന തത്വങ്ങൾക്കെതിരായ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് എം.എം.യു വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർഥിച്ചു.
ഇത്തരം പ്രവർത്തനങ്ങൾ കശ്മീരിലെ മുസ്ലീംകൾ വെച്ചുപൊറുപ്പിക്കില്ല. അവരുടെ മതപരമായ വിശ്വാസങ്ങളെ നേരിട്ട് വെല്ലുവിളിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ ഇത്തരം സമ്പ്രദായങ്ങൾ ഉടൻ നിർത്തണമെന്നും ഉത്തരവുകൾ പിൻവലിക്കണമെന്നും എം.എം.യു സർക്കാരിനോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.