ശ്രീകൃഷ്ണന് കിരീടം ഒരുക്കുന്നത് മുസ്‍ലിം കരകൗശല വിദഗ്ധർ; യു.പിയിൽ നിന്നിതാ ഒരു സൗഹാർദത്തിന്റെ കഥ

മഥുര: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഉത്തർപ്രദേശിലെ മഥുരക്ക് ജന്മാഷ്ടമിക്ക് ഇത്തവണയും വേറിട്ടൊരു സൗഹാർദത്തിന്റെ കഥ പറയാനുണ്ട്. ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണ വിഗ്രഹത്തെ അണിയിക്കുന്ന കിരീടങ്ങളും ആഭരണങ്ങളും വസ്ത്രങ്ങളും തലമുറകളായി ഇവിടെ ഒരുക്കുന്നത് മുസ്‍ലിം കരകൗശല വിദഗ്ധരാണ്.

കൈകൊണ്ട് അതിസൂക്ഷ്മമായി നിർമിക്കുന്ന ഈ അലങ്കാരങ്ങൾ ഓരോ വർഷവും പുതിയ ഡിസൈനുകളിലാണ് തയ്യാറാക്കുന്നത്. ഭക്തരുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപനയിൽ മാറ്റങ്ങൾ വരുത്തുമ്പോഴും പരമ്പരാഗത കരകൗശലത്തിന്റെ തനിമ ഇവർ കാത്തുസൂക്ഷിക്കുകയാണ്.

നിരവധി മുസ്‍ലിം കരകൗശല വിദഗ്ധരാണ് തലമുറകളായി ഈ പാരമ്പര്യം തുടരുന്നത്. ഇവരിലൊരാളായ മുഹമ്മദ് ഇഖ്ബാലിന്റെ കുടുംബം അഞ്ച് തലമുറകളായി ശ്രീകൃഷ്ണന്റെ കിരീടങ്ങളും ആഭരണങ്ങളും വസ്ത്രങ്ങളും നിർമിച്ചുവരുന്നു. അദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളും ഇപ്പോൾ ഈ പാരമ്പര്യം ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. ‘കൃഷ്ണന് ഇഷ്ടപ്പെടുന്ന വസ്ത്രമാണ് സമർപ്പിക്കുന്നത്. ഈ ജോലി ചെയ്യാൻ കഴിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നത് -മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു.

ഇത്തവണ കാവി, മഞ്ഞ നിറങ്ങളിലുള്ള വസ്ത്രങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാരെന്ന് മറ്റൊരു കരകൗശല വിദഗ്ധനായ മുഹമ്മദ് അഫ്സൽ പറയുന്നു. ‘ഞങ്ങളുടെ കൈകൊണ്ട് നിർമിക്കുന്ന കിരീടങ്ങളും ആഭരണങ്ങളും ശ്രീകൃഷ്ണന് സമർപ്പിക്കപ്പെടുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഥുരയിലെ വിവിധ ക്ഷേത്രങ്ങളിൽ സെപ്റ്റംബർ നാലിന് നടക്കുന്ന കൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന നിരവധി അലങ്കാരങ്ങൾക്ക് പിന്നിൽ മുസ്‍ലിം കരകൗശല കുടുംബങ്ങളുടെ അധ്വാനമുണ്ടാകും. മതത്തിന്റെ പേരിലുള്ള വിദ്വേഷരാഷ്ട്രീയം ശക്തമായിക്കൊണ്ടിരിക്കുന്ന ഉത്തർപ്രദേശിലെ സൗഹാർദത്തിന്റെ പൈതൃകമെന്ന നിലയിലാണ് മുസ്‍ലിം കരകൗശല വിദഗ്ധരുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നത്.

Tags:    
News Summary - Communal Harmony in Mathura: Muslim Artisans Craft Lord Krishna’s Crowns and Attires for Janmashtami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.