രാഹുൽ ഗാന്ധിയുടെ ‘ബുദ്ധി ശുദ്ധീകരിക്കാൻ’ ചിത്രം വെച്ച് ഹോമം; ബി.ജെ.പി വീണ്ടും വിവാദത്തിൽ
ഡെറാഡൂൺ: ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദി ശുദ്ധി കലശം നടത്തി വിവാദത്തിലായതിനു പിന്നാലെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബുദ്ധി ശുദ്ധീകരിക്കാൻ ഹോമം നടത്തി ബി.ജെ.പി.
ഡെറാഡൂണിലെ ക്ഷേത്രത്തിലാണ് ബി.ജെ.പി ഷെഡ്യൂൾഡ് കാസ്റ്റ് മോർച്ച രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ച് ബുദ്ധി-ശുദ്ധി പൂജ നടത്തിയത്. രാഹുലിനും കോൺഗ്രസ് നേതാക്കൾക്കും ബുദ്ധിയുണ്ടാകാനും കള്ളം പറയുന്നത് നിർത്താനുമാണ് ഹോമം നടത്തിയതെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു. ഹൽദ്വാനിയിലെ ശുദ്ധീകരണ കലശത്തിൽ പങ്കെടുത്തവർക്കെതിരെ പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയതിനു പിന്നാലെയാണ് ബി.ജെ.പിയുടെ ബുദ്ധി-ശുദ്ധി ഹോമം.
‘19 ജില്ലകളിലും ഞങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാത്മീകി സമുദായത്തിൽപ്പെട്ട ഒരാൾ ആ ചടങ്ങിൽ പങ്കെടുത്തിരുന്നു എന്ന് അറിഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധിയും ഖാർഗെയും ഹൽദ്വാനി ശുദ്ധീകരണ പരിപാടി വലിയ വിവാദമാക്കിയത്. അവർ നുണകൾ പ്രചരിപ്പിക്കുകയാണ്’ - ബി.ജെ.പി ഷെഡ്യൂൾഡ് കാസ്റ്റ് (എസ്.സി) വിഭാഗം സംസ്ഥാന പ്രസിഡന്റ് ബൽബീർ ഘുനിയൽ പറഞ്ഞു. രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും ബുദ്ധി പ്രാപിക്കുകയും നുണ പ്രചരിപ്പിക്കുന്നത് നിർത്തുകയും ചെയ്യട്ടെ എന്ന പ്രതീക്ഷയോടെയാണ് ഹോമം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൽദ്വാനിയിലെ ‘ശുദ്ധീകരണ യജ്ഞ’വുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉത്തരാഖണ്ഡ് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ ധർണയും നടത്തിയിരുന്നു. എ.ഐ.സി.സി ചുമതലയുള്ള സുരേന്ദ്ര ശർമ, മനോജ് യാദവ് എന്നിവർക്കൊപ്പമെത്തിയ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റ് ഉപരോധിക്കാൻ ശ്രമിച്ചു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
പട്ടികജാതി വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ വൈരാഗ്യം വളർത്തുന്ന തരത്തിൽ പരാമർശം നടത്തിയെന്നുള്ള പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തത്.
ജവഹർ നഗർ കോളനി സ്വദേശിയായ അമിത് കുമാർ നൽകിയ പരാതിയിലാണ് ഹൽദ്വാനി സിറ്റി കോട്വാലി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട അമിത് കുമാർ ശ്രീറാം സേന ധർമ്മാർഥ സേവാ ന്യാസ് സംഘടനയുടെ ഭാരവാഹിയാണ്. ആഗസ്റ്റ് 30നാണ് കേസ് രജിസ്റ്റർ ചെയ്തത്. ആഗസ്റ്റ് എട്ടിനാണ് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദിയിൽ വിവാദ ശുദ്ധീകരണ ചടങ്ങ് നടന്നത്. റാലിക്ക് ശേഷം മൈതാനത്ത് മാലിന്യങ്ങളും മദ്യക്കുപ്പികളും കണ്ടെത്തിയതിനെ തുടർന്ന് ശുചീകരണം നടത്തിയെന്നും തുടർന്ന് ഹവൻ ഉൾപ്പെടെയുള്ള ചടങ്ങ് സംഘടിപ്പിച്ചെന്നുമാണ് സംഘാടകരുടെ വിശദീകരണം.
എന്നാൽ, ഖാർഗെ ദലിത് വിഭാഗത്തിൽപ്പെട്ടയാളായതിനാലാണ് ശുദ്ധീകരണ ചടങ്ങ് നടത്തിയതെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോദിയാൽ ആരോപിച്ചിരുന്നു. സംഭവത്തിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് 29ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി സംഭവത്തെ അയിത്തത്തിന്റെയും ജാതിവിവേചനത്തിന്റെയും ഉദാഹരണമായി വിശേഷിപ്പിച്ചു. ശുദ്ധീകരണ ചടങ്ങ് നടത്തിയവർക്കെതിരെ എസ്‌സി/എസ്‌ടി അതിക്രമ നിരോധന നിയമപ്രകാരം ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.