‘ചില മാജിക്കുകൾ സംഭവിക്കും, 2029ൽ രാഹുൽ ഗാന്ധി വിജയിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കും’; അവകാശവാദവുമായി ടിവികെ എം.എൽ.എ
ചെന്നൈ: 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന് ആവർത്തിച്ച് തമിഴക വെട്രി കഴകം (ടി.വി.കെ).
പ്രധാനമന്ത്രി ആരാകണമെന്ന് ഡൽഹി തീരുമാനിക്കില്ലെന്നും തമിഴ്‌നാടാണ് തീരുമാനിക്കുകയെന്നും ടി.വി.കെ എം.എൽ.എ കനിമൊഴി സന്തോഷ് പറഞ്ഞു. വിജയ് ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന ചർച്ചകളിൽ കോൺഗ്രസിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് നിലപാട് ആവർത്തിച്ച് ടി.വി.കെ എം.എൽ.എ രംഗത്തുവന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ വിജയ് പിന്തുണക്കുമെന്ന കോൺഗ്രസ് നിലപാടിനെ തള്ളുകയാണ് അവർ ചെയ്തത്. ‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥിയാണ് വിജയ്. ആരാണ് പ്രധാനമന്ത്രി ആകേണ്ടതെന്ന് ഡൽഹി തീരുമാനിക്കില്ല. തമിഴ്‌നാട് തീരുമാനിക്കും. 2029ൽ ചില മാജിക്കുകൾ നടക്കും. രാഹുൽ ഗാന്ധി തന്നെ വിജയിയെ പ്രധാനമന്ത്രിയാക്കും’ -കനിമൊഴി പറഞ്ഞു.
കോൺഗ്രസും സഖ്യകക്ഷിയായ ടി.വി.കെയും തമ്മിൽ ഭിന്നതയിലാണ് എന്നത് ഊഹാപോഹങ്ങളാണെന്നും പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിക്ക് വിജയ് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സി.എൽ.പി) നേതാവ് തരാഹൈ കുത്ത്‌ബെർട്ട് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സഖ്യത്തിനുള്ളിലെ നേതൃതർക്കങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും അദ്ദേഹം തള്ളിക്കളഞ്ഞു. വിജയ്‌യെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടുന്നത് പാർട്ടി അണികളുടെ ആവേശം കൊണ്ടാണെന്നും അത് നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്താക്കി. ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദപരമായ ബന്ധം സഖ്യത്തിന്റെ കരുത്ത് വർധിപ്പിക്കുന്നുവെന്നും അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, തരാഹൈ കുത്ത്‌ബെർട്ടിന്‍റെ വാക്കുകൾ തള്ളുകയാണ് ടി.വി.കെ എം.എൽ.എ കനിമൊഴി ചെയ്തിരിക്കുന്നത്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി ടി.വി.കെ രാഹുൽ ഗാന്ധിയെ പിന്തുണച്ചില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. 2024ൽ രൂപവത്കരിച്ച ടിവികെ 234 അംഗ തമിഴ്നാട് നിയമസഭയിലേക്കുള്ള തങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ 108 സീറ്റുകൾ നേടി രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചിരുന്നു. കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ കോൺഗ്രസിന്റെയും മറ്റ് പാർട്ടികളുടെയും പിന്തുണയോടെയാണ് ടി.വി.കെ സർക്കാർ രൂപീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.