രാമക്ഷേത്രക്കൊള്ള റിപ്പോർട്ട് ചെയ്ത മാധ്യമ​പ്രവർത്തകനെതിരെ വീണ്ടും നടപടി; സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ തന്റെ ഡിജിറ്റൽ വിവരങ്ങൾ പൊലീസ് തേടിയെന്ന് ആരോപിച്ച് സുപ്രീംകോടതിയെ സമീപിച്ചു. വാഹനമോടിക്കുന്നതിനിടെ തർക്കമുണ്ടായതായി ആരോപിച്ച് തനിക്കെതിരെ ചുമത്തിയ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജൂൺ ഒന്ന് മുതലുള്ള ഐ.പി വിലാസവും അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യപ്പെട്ട് ഗാസിയാബാദ് പൊലീസ് സാമൂഹിക മാധ്യമമായ എക്സിന്റെ കാലിഫോർണിയയിലെ ആസ്ഥാനത്തിന് നോട്ടീസ് നൽകിയെന്നാണ് ഉപാധ്യായയുടെ ആരോപണം.

ഇത്തരം വിവരങ്ങൾ പൊലീസിന് ലഭിച്ചാൽ രാമക്ഷേത്ര സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്ക് വിവരം നൽകിയ ഉറവിടങ്ങളുടെ വ്യക്തിത്വം പുറത്താകാൻ സാധ്യതയുണ്ടെന്നും ഇത് സ്വകാര്യതാ അവകാശത്തിന്റെ ഗുരുതര ലംഘനമാകുമെന്നും അദ്ദേഹം ഹരജിയിൽ ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് 18ന് നടന്ന സംഭവത്തിന് ഏറെ മുമ്പുള്ള ജൂൺ ഒന്ന് മുതലുള്ള ഡിജിറ്റൽ വിവരങ്ങളാണ് അന്വേഷണ ഏജൻസി ആവശ്യപ്പെടുന്നതെന്ന് ഉപാധ്യായ പറഞ്ഞു. ഈ വിവരങ്ങളും ആഗസ്റ്റ് 18ലെ സംഭവവും തമ്മിലുള്ള ബന്ധം പൊലീസ് വ്യക്തമാക്കിയിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.

ഉപാധ്യായക്കുവേണ്ടി അഭിഭാഷകൻ അനൂപ് പി. അവസ്തിയാണ് ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വിഷയം ഉന്നയിച്ചത്. കേസിൽ ഉപാധ്യായക്കെതിരെ പൊലീസ് നിർബന്ധിത നടപടി സ്വീകരിക്കുന്നത് ആഗസ്റ്റ് 25ന് സുപ്രീംകോടതി തടഞ്ഞിരുന്നു. പുതിയ ഹരജി പിന്നീട് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

Tags:    
News Summary - Journalist Moves Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.