ബസിൽ പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും വേണം, കർട്ടൻ വേണ്ട; കൂട്ടബലാത്സംഗത്തിന് പിന്നാലെ ഡൽഹിയിൽ കർശനനിർദേശം

ന്യൂഡൽഹി: ബസുകളിലെ പാനിക് ബട്ടണുകളും വാഹനങ്ങളുടെ ലൊക്കേഷൻ ട്രാക്കിങ് സംവിധാനങ്ങളും എല്ലാപ്പോഴും പ്രവർത്തനക്ഷമമായിരിക്കണമെന്ന് ഡൽഹി ഗതാഗത വകുപ്പിന്റെ നിർദേശം. ബസുകളുടെ ജനലുകളിൽ കർട്ടനുകളും അനധികൃത ഫിലിമുകളും ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിന് പിന്നാലെയാണ് നടപടി.

ഡൽഹിയിൽ സർവീസ് നടത്തുന്ന എല്ലാ ബസുകൾക്കും, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് തലസ്ഥാനത്തെത്തുന്ന ബസുകൾക്കും നിർദേശങ്ങൾ ബാധകമാണ്. സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിന് പുറമെ അവ പ്രവർത്തനക്ഷമമാണെന്നും ബസ് ഉടമകൾ ഉറപ്പാക്കണം.

പാനിക് ബട്ടണുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ സ്ഥാപിക്കണം. പ്രവർത്തനക്ഷമമായ അഗ്നിശമന ഉപകരണങ്ങളും പ്രഥമശുശ്രൂഷാ കിറ്റുകളും ബസുകളിൽ നിർബന്ധമാണ്. രാത്രിയിലും സർവീസ് അവസാനിപ്പിച്ച സമയത്തും ബസുകൾ സുരക്ഷിതവും അംഗീകൃതവും വെളിച്ചമുള്ളതുമായ സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ.

ബസുകളുടെ ജനലുകളിൽ കർട്ടനുകളോ അനധികൃത ഫിലിമുകളോ പാടില്ല. വിൻഡ്ഷീൽഡ്, പിൻവശത്തെ ഗ്ലാസ്, വശങ്ങളിലെ ജനലുകൾ എന്നിവയിൽ നിയമപ്രകാരമുള്ള സുതാര്യത ഉറപ്പാക്കണമെന്നും നിർദേശിച്ചു.

ഡ്രൈവർമാരും കണ്ടക്ടർമാരും സാധുവായ ലൈസൻസ്, യൂണിഫോം, ആവശ്യമായിടത്ത് പി.എസ്.വി ബാഡ്ജ് എന്നിവ കൈവശം വെക്കണം. ഡ്രൈവർമാർ, കണ്ടക്ടർമാർ, അറ്റൻഡർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പരിശോധന നടത്തണം. മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിക്കുന്നതും കർശനമായി നിരോധിച്ചു.

സ്ത്രീകൾക്കെതിരായ അതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ ബസ് ജീവനക്കാർ ഉടൻ പൊലീസിനെ അറിയിക്കണം. മോശം പെരുമാറ്റം, ശല്യം, ലൈംഗികാതിക്രമം തുടങ്ങിയ സംഭവങ്ങളുണ്ടായാൽ ബസ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കോ പൊലീസ് പോസ്റ്റിലേക്കോ എത്തിക്കണമെന്നും നിർദേശമുണ്ട്.

ഓരോ ബസിനും സാധുവായ ഫിറ്റ്നസ് സർട്ടിഫിക്കറ്റും പി.യു.സി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും നിശ്ചിത ബസ് സ്റ്റോപ്പുകളിലോ അംഗീകൃത സ്ഥലങ്ങളിലോ മാത്രമായിരിക്കണം. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ ബസ് നിർത്തുന്നതിനും വിലക്കുണ്ട്.

നിയമലംഘനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം വാഹനങ്ങൾ തടഞ്ഞുവെക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാം. ആവശ്യമായ സാഹചര്യങ്ങളിൽ ലൈസൻസുകളും പെർമിറ്റുകളും സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

ആഗസ്റ്റ് നാലിനാണ് ഗ്രേറ്റർ നോയിഡയിൽനിന്ന് ബസിൽ കയറിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡിപ്പിച്ചെന്ന പരാതി. 2012ലെ നിർഭയ കേസിന് പിന്നാലെ ബസുകളിൽ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയിരുന്നെങ്കിലും അവയുടെ നടപ്പാക്കൽ സംബന്ധിച്ച ചോദ്യങ്ങൾ വീണ്ടും ഉയരുകയാണ്.

Tags:    
News Summary - Delhi Tightens Bus Safety Rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.