മുന്നി രാജക് വരണാധികാരിയിൽ നിന്ന് എം.എൽ.സി സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു

അലക്കുകാരിയിൽ നിന്ന് ബിഹാർ നിയമസഭയിലേക്ക്; ലാലു പ്രസാദ് കണ്ടെടുത്ത മുന്നി രാജക്

പാറ്റ്ന: തിങ്കളാഴ്ചയാണ് മുന്നി രാജക് എന്ന 40 വയസുള്ള അലക്കുകാരി ബിഹാർ നിയമസഭ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട സർട്ടിഫിക്കറ്റ് വരണാധികാരിയിൽ നിന്ന് ഏറ്റുവാങ്ങിയത്. ബിഹാർ നിയമനിർമാണസഭയുടെ ഉപരിസഭയിലേക്ക് ആർ.ജെ.ഡി ടിക്കറ്റിലാണ് മുന്നി രാജക് തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയത്തിന് സാധാരണക്കാരിലേക്കുമെത്താനാകുമെന്നതിന്‍റെ ബിഹാറിൽ നിന്നുള്ള പ്രതീക്ഷയുയർത്തുന്ന ഉദാഹരണമായി മാറുകയാണ് മുന്നി രാജക് എം.എൽ.സി (മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ) എന്ന പേര്.

താൻ നിയമസഭ കൗൺസിൽ അംഗമായി മാറിക്കഴിഞ്ഞുവെന്നത് ഇനിയും വിശ്വസിക്കാനാകുന്നില്ലെന്ന് മുന്നി രാജക് പറയുന്നു. വർഷങ്ങളായി തെരുവിൽ അലക്ക് ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മേയ് അവസാനത്തിലാണ് തന്‍റെ പാർട്ടിയായ ആർ.ജെ.ഡിയുടെ ആളുകൾ ഭക്ത്യാർപൂരിലെ വീട്ടിലേക്ക് കാണാൻ വന്നത്. പാർട്ടി മേധാവി ലാലു പ്രസാദ് യാദവിന് തന്നെ കാണണമെന്നായിരുന്നു അറിയിച്ചത്. അങ്ങനെ അവിടേക്ക് പോയി. ഒരു മുറിയിൽ ലാലുവും, ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകൻ തേജ് പ്രതാപ് യാദവ് എന്നിവരുമുണ്ടായിരുന്നു.

എന്നെ ഒരു എം.എൽ.സിയാക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് അവിടെ വെച്ചാണ് ലാലു ജി പറയുന്നത്. എനിക്ക് അൽപ്പനേരം ശബ്ദിക്കാൻ പോലുമായില്ല. അവരോട് നന്ദി പറഞ്ഞ് ഇറങ്ങുമ്പോഴേക്കും ഇരുവരും എനിക്ക് മാതാപിതാക്കളെ പോലെയായിരുന്നു -മുന്നി രാജക് പറഞ്ഞു.

കഴിഞ്ഞ 30 വർഷമായി അലക്കുജോലി ചെയ്യുകയാണ് ഞാൻ. കുട്ടിക്കാലം മുതൽക്കേ ഈ ജോലി ചെയ്യുന്നു. രക്ഷിതാക്കളും ഇതുതന്നെയാണ് ചെയ്തത് -മൂന്ന് മക്കളുടെ മാതാവ് കൂടിയായ മുന്നി പറഞ്ഞു.




 

പുതിയ ചുമതലയിൽ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയാണ് തന്‍റെ ലക്ഷ്യമെന്ന് മുന്നി പറയുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളിൽ സാധാരണക്കാരുടെ ശബ്ദമാകണം. 'ഞാൻ ജാതി കൊണ്ടും തൊഴിൽ കൊണ്ടും അലക്കുകാരിയാണ്. അഴുക്കുകൾ വൃത്തിയാക്കുകയാണ് ഞാൻ ചെയ്യുന്നത്. ബി.ജെ.പിയുടെ അഴുക്കുപിടിച്ച ചിന്തകളെ ഞാൻ കഴുകിമാറ്റും' -നീണ്ടകാലത്തെ ആർ.ജെ.ഡി അനുഭാവിയായ മുന്നി പറയുന്നു.

സ്ഥലവും വീടും എല്ലാംകൂടെ 28 ലക്ഷം രൂപയുടെ സ്വത്താണ് സത്യവാങ്മൂലം നൽകുമ്പോൾ മുന്നിക്ക് ഉണ്ടായിരുന്നത്. കോടീശ്വരൻമാർ വാഴുന്ന നിയമസഭയിലേക്കാണ് കേവലമൊരു അലക്കുകാരി നടന്നുകയറിയത്.




 

എന്നാൽ, ആർ.ജെ.ഡിയുടെ നീക്കത്തെ വിമർശിച്ച് രംഗത്തുവരികയാണ് ബി.ജെ.പി ചെയ്തത്. മുന്നിയെ തെരഞ്ഞെടുത്തത് സ്വാഗതം ചെയ്യുന്നു, പക്ഷേ, അവർ ഒരു മുഖം മാത്രമായിരിക്കും. എം.എൽ.സി എന്ന നിലയിൽ അവർക്ക് ലഭിക്കുന്ന ഫണ്ട് മുഴുവൻ കൈകാര്യം ചെയ്യുക ലാലുവിന്‍റെ കുടുംബമായിരിക്കും -ബി.ജെ.പി എം.എൽ.സി നവാൽ കിഷോർ യാദവ് പറഞ്ഞു.

ബിഹാർ നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇത്തവണ കണ്ടത് പതിവിന് വിപരീതമായ സ്ഥാനാർഥികളെയായിരുന്നു. പലരും സമൂഹത്തിന്‍റെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്നവരായിരുന്നു. മുമ്പ്, പഞ്ചായത്ത് ക്വാട്ടയിൽ എം.എൽ.സികളായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും കോടീശ്വരന്മാരായിരുന്ന സ്ഥാനത്താണ് ഈ മാറ്റം.

തിങ്കളാഴ്ചയാണ് ഏഴ് സ്ഥാനാർഥികളെ എതിരില്ലാതെ തെരഞ്ഞെടുത്തത്. അശോക് കുമാർ പാണ്ഡേ, മുന്നി രാജക്, കാരി സുഹൈൽ എന്നിവരാണ് ആർ.ജെ.ഡി അംഗങ്ങൾ. രവീന്ദ്ര പ്രസാദ് സിങ്, അഫാഖ് അഹ്മദ് ഖാൻ എന്നിവർ ജെ.ഡി.യു. ഹരി സാഹ്നി, അനിൽ ശർമ എന്നിവർ ബി.ജെ.പിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. എല്ലാവരും അവരവരുടെ പാർട്ടിയിൽ താഴെത്തട്ട് മുതൽ പ്രവർത്തിച്ചു വന്നവർ.

ദശാബ്ദത്തിലേറെയായി ആർ.ജെ.ഡിയുടെ സജീവ പ്രവർത്തകയാണ് മുന്നി രാജക്. പാർട്ടി സംഘടിപ്പിക്കുന്ന ഏതൊരു പരിപാടിയിലും മുന്നി പങ്കെടുക്കും. മേയ് 20ന് ലാലുവിന്‍റെ വീട്ടിൽ സി.ബി.ഐ റെയ്ഡ് നടത്തിയപ്പോൾ വീടിനു മുന്നിൽ ധർണ നടത്തിയവരിൽ മുന്നിയുണ്ടായിരുന്നു. അവരെ ഇത്തരമൊരു സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിലൂടെ ജനങ്ങളോടൊപ്പം എന്നും താൻ ഉണ്ടെന്ന സന്ദേശമാണ് ലാലു നൽകുന്നതെന്ന് എം.എൽ.സി സുനിൽ സിങ് പറഞ്ഞു.




 

എൻ.ഡി.എ സർക്കാറിനെതിരെ ഭക്ത്യാർപൂരിൽ ആർ.ജെ.ഡി സംഘടിപ്പിച്ച പരിപാടിയിൽ മുന്നി പാട്ടുപാടിയപ്പോഴാണ് ലാലു പ്രസാദിന്‍റെ ശ്രദ്ധയിൽ ഇവർ ആദ്യമായി കടന്നുവരുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 2019ൽ ലാലു പ്രസാദ് ജുഡീഷ്യൽ കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുമ്പോൾ മുന്നി കാണാൻ പോയെങ്കിലും അധികൃതർ അനുമതി ലഭിച്ചിരുന്നില്ല. ലാലുവിന് മേൽ കുറ്റം ചമച്ചതാണെന്ന് നെഞ്ചത്തടിച്ച് കരഞ്ഞിരുന്നു അന്ന് മുന്നി.

അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാണ് മുന്നിയെന്നാണ് പാർട്ടി നേതാവും ലാലുവിന്‍റെ മൂത്ത മകനുമായ തേജ് പ്രതാപ് യാദവ് പറഞ്ഞത്. 22 ഉപജാതികൾ ഉൾപ്പെടെ ബിഹാർ വോട്ടർമാരുടെ 16 ശതമാനത്തെ പ്രതിനിധീകരിക്കുന്നതാണ് മുന്നിയുടെ പട്ടിക വിഭാഗത്തിൽ പെടുന്ന രാജാക് വിഭാഗം. 

Tags:    
News Summary - Munni Rajak — How Bihar washerwoman became Lalu pick for Vidhan Parishad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.