മുംബൈയിൽ ആദ്യ ഡിറ്റൻഷൻ സെന്‍റർ തുറന്നു; നാടുകടത്തൽ നടപടികൾക്കായി നാൽപ്പതോളം ബംഗ്ലാദേശ് സ്വദേശികളെ മാറ്റി

മുംബൈ: അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനായി മുംബൈയിൽ സജ്ജമാക്കിയ ആദ്യ ഡിറ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. മധ്യ മുംബൈയിലെ ഭോയ്‌വാഡയിൽ രണ്ട് വർഷം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ കേന്ദ്രം, വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾക്കൊടുവിലാണ് തുറന്നുകൊടുത്തത്. നിലവിൽ നാടുകടത്തൽ നടപടികൾ കാത്തിരിക്കുന്ന 40 ബംഗ്ലാദേശ് സ്വദേശികളാണ് ഇവിടെയുള്ളത്. ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്തതിനാൽ ജയിലുകളിൽ പാർപ്പിക്കാൻ കഴിയാത്ത വിദേശികളെ താൽക്കാലികമായി താമസിപ്പിക്കാൻ ഇടമില്ലാതെ പൊലീസ് പ്രതിസന്ധി നേരിട്ടിരുന്നു.

സാമൂഹിക നീതി വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിന് മഹാരാഷ്ട്ര സ്റ്റേറ്റ് സെക്യൂരിറ്റി ഫോഴ്സും പൊലീസുമാണ് സുരക്ഷയൊരുക്കുന്നത്. എൺപത് പേരെ താമസിപ്പിക്കാൻ ശേഷിയുള്ള കേന്ദ്രത്തിൽ 60 പുരുഷന്മാർക്കും 20 സ്ത്രീകൾക്കുമാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. എന്നാൽ കസ്റ്റഡിയിലാകുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നത് കേന്ദ്രത്തിൽ നിലവിൽ സ്ഥലപരിമിതിക്ക് കാരണമാകുന്നുണ്ട്. 2025ൽ മാത്രം ആയിരത്തിലധികം പേരെയാണ് അനധികൃത കുടിയേറ്റത്തിന്റെ പേരിൽ മുംബൈ പൊലീസ് നാടുകടത്തിയത്.

പഹൽഗാം ആക്രമണത്തിന് പിന്നാലെ രാജ്യവ്യാപകമായി ആരംഭിച്ച പരിശോധനകളുടെ ഭാഗമായാണ് മഹാരാഷ്ട്രയിലും നടപടികൾ കർശനമാക്കിയത്. അതേസമയം, കൃത്യമായ രേഖകൾ പരിശോധിക്കാതെ ബംഗാളി സംസാരിക്കുന്ന മുസ്‍ലിംഗളെയും റോഹിങ്ക്യകളെയും വ്യാപകമായി ലക്ഷ്യം വെക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. പലപ്പോഴും ഇന്ത്യൻ പൗരന്മാർ പോലും ഇത്തരത്തിൽ നടപടികൾക്ക് ഇരയാകുന്നതായി മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭോയ്‌വാഡയ്ക്ക് പുറമെ നവി മുംബൈയിൽ വലിയൊരു സ്ഥിരം ഡിറ്റൻഷൻ സെന്ററിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.

Tags:    
News Summary - Mumbai's first detention centre opens; Around 40 Bangladeshi nationals moved for deportation procedures.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.