മുംബൈ: ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലെ (ബാർക്ക്) ശാസ്ത്രജ്ഞനായി വേഷം കെട്ടിയതിന് അറസ്റ്റിലായ 60 വയസുകാരന് തന്ത്രപ്രധാനമായ ആണവ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനായി കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട് ലഭിച്ചതായി റിപ്പോർട്ട്.
ബി.എ.ആർ.സി ശാസ്ത്രജ്ഞനാണെന്ന വ്യാജേന രാജ്യമെമ്പാടും സഞ്ചരിച്ച അക്തർ ഹുസൈനിയെ കഴിഞ്ഞ മാസം മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഝാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയായ ഹുസൈനിയിൽ നിന്ന് പത്തിലധികം ഭൂപടങ്ങളും ആണവായുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
നിരവധി വ്യാജ പാസ്‌പോർട്ടുകൾ, ആധാർ, പാൻ കാർഡുകൾ, ഒരു വ്യാജ ബാർക്ക് ഐ.ഡി എന്നിവയും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഒരു തിരിച്ചറിയൽ കാർഡിൽ അലി റാസ ഹുസൈൻ എന്നും മറ്റൊന്നിൽ അലക്സാണ്ടർ പാമർ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഹുസൈനിയുടെ സഹോദരൻ ആദിൽ ഹുസൈനിയും ഡൽഹിയിൽ അറസ്റ്റിലായിരുന്നു. 1995 മുതൽ അക്തറിന് കോടിക്കണക്കിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്നാണ് മുംബൈ പൊലീസ് പറയുന്നത്.
തുടക്കത്തിൽ ലക്ഷക്കണക്കിന് രൂപയായിരുന്നു ഇവർക്ക് പ്രതിഫലമായി നൽകിയിരുന്നത്. 2000ത്തിന് ശേഷം അത് കോടികളായി. ബാർക്കുമായും മറ്റ് ആണവ നിലയങ്ങളുമായും ബന്ധപ്പെട്ട രഹസ്യ ബ്ലൂ പ്രിന്റുകൾക്ക് പകരമായാണ് പണം നൽകിയത് എന്നും സംശയിക്കുന്നുണ്ട്. അന്വേഷണത്തിനിടെ, അക്തർ ഹുസൈനിയുടെ പേരിലുള്ള ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ടും മുംബൈ പൊലീസ് കണ്ടെത്തി. അതിൽ സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയിരുന്നു.
കൃത്യമായ തുകയും ഫണ്ടിന്റെ ഉറവിടവും കണ്ടെത്തുന്നതിനായി പോലീസ് ബാങ്കിൽ നിന്ന് പൂർണ ഇടപാട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇരുസഹോദരങ്ങളും ഉപയോഗിച്ചിരുന്നു മറ്റ് ചില ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുമുണ്ട്.
വിദേശയാത്രകൾക്കായി സഹോദരന്മാർ വ്യാജ രേഖകളും വ്യാജ തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.