തഹവ്വുർ റാണയെ ഇന്ത്യക്ക് വിട്ടുനൽകാം; സ്റ്റേ അപേക്ഷ നിരസിച്ച് യു.എസ് സുപ്രീംകോടതി

ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹവ്വുർ റാണ, ഇന്ത്യയിലേക്ക് അയക്കാനുള്ള നടപടിക്ക് സ്റ്റേ ആവശ്യപ്പെട്ടു നൽകിയ ഹരജി യു.എസ് സുപ്രീംകോടതി തള്ളി. പാക് വംശജനായ മുസ്ലിം ആയതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുമെന്നും ന്യായമായ വിചാരണ ലഭിക്കില്ലെന്നും കാണിച്ചായിരുന്നു ഹരജി. എന്നാൽ ഹരജി തള്ളിയ കോടതി നടപടിയുമായി ട്രംപ് ഭരണകൂടത്തിന് മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കി.

റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം കാലിഫോർണിയ കോടതി നേരത്തെ അനുവദിച്ചിരുന്നു. ഇതിനെതിരെ റാണ നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്. തുടർന്ന് പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചത്. എല്ലാ രേഖകളും യു.എസ് അധികൃതർക്ക് കൈമാറിയതായും അനുമതി ലഭിച്ചാൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സംഘം യു.എസിലേക്ക് പോകുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം നൽകിയ ഹരജിയുടെ വാദത്തിനിടെ ദേശീയ, മത, സാംസ്കാരിക ശത്രുതയുടെ ലക്ഷ്യമായി ചൂണ്ടിക്കാണിക്കപ്പെടാവുന്ന ഒരു കടന്നൽ കൂട്ടിലേക്ക് റാണയെ അയക്കാൻ കഴിയില്ലെന്ന് അഭിഭാഷകർ പറഞ്ഞിരുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ മതന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്‌ലിംകളോട്, വ്യവസ്ഥാപിതമായ വിവേചനം നടത്തുന്നുണ്ടെന്ന് ആരോപിക്കുന്ന 2023ലെ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ടും അവർ കോടതിയിൽ ഉദ്ധരിച്ചു. നേരത്തെ ഈ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറാൻ തീരുമാനിച്ചത്. റാണ നൽകിയ അപ്പീൽ തള്ളിയായിരുന്നു ഉത്തരവ്. ബാല്യകാല സുഹൃത്തും പാക്‌ വംശജനുമായ- അമേരിക്കൻ പൗരൻ ഡേവിഡ്‌ കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന്‌ ലഷ്കറെ ത്വയ്യിബക്കു വേണ്ടി മുംബൈ ഭീകരാക്രമണത്തിന്‌ ഗൂഢാലോചന നടത്തിയെന്നാണ്‌ റാണക്കെതിരായ കേസ്. 2009 മുതൽ ലൊസാഞ്ചലസിലെ ജയിലിലാണ് റാണ. പാക് വംശജനായ ഇയാൾ കനേഡിയൻ പൗരനാണ്. നേരത്തേ പാക് സൈന്യത്തിൽ ഡോക്ടറായി സേവനം ചെയ്തിരുന്നു.

2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ ആറു യു.എസ് പൗരന്മാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. താജ് ഹോട്ടൽ, ഒബ്‌റോയ് ട്രൈഡൻ്റ് ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനസ്, ലിയോപോൾഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലായിരുന്നു ആക്രമണം ഉണ്ടായത്. കടൽ മാർഗം മുംബൈയിലെത്തിയ 10 ഭീകരർ 60 മണിക്കൂറിലധികമാണ് മുംബൈയെ മുൾമുനയിൽ നിർത്തിയത്. മുംബൈ ഭീകരാക്രമണ കേസിൽ പിടിയിലായ പാക് ഭീകരൻ അജ്മൽ കസബിനെ 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.

Tags:    
News Summary - Mumbai Terror Attack Accused Tahawwur Rana's Extradition Stay Request Rejected By US Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.