മുംബൈ: നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷം കടന്നിട്ടും വൈറസ് വ്യാപനം നിയന്ത്രണവിധേയമാകുന്നുവെന്ന് സൂചന നൽകി കണക്കുകൾ. മരണനിരക്കും രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിെൻറ തോതും കുറഞ്ഞുവരുന്നു. മേയ് അവസാനം നഗരത്തിൽ 75,000ത്തോളം പേരെ കോവിഡ് ബാധിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രവചനം. എന്നാൽ, പുതിയ സാഹചര്യത്തിൽ അത് 40,000ൽ താഴെയാകുമെന്ന് വിദഗ്ധർ തിരുത്തി. രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന തോത് ഒരാഴ്ചയിൽനിന്ന് രണ്ടാഴ്ചയായി കുറക്കാൻ കഴിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. നഗരത്തിലെ മരണനിരക്ക് 3.33 ആയും കുറഞ്ഞു. സംസ്ഥാനത്തെ മരണനിരക്ക് 3.4 ആണ്.
വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം നഗരത്തിൽ 909 പേർ മരിക്കുകയും 27,251 പേർക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. 6,096 പേർക്ക് ഇതിനകം രോഗം മാറുകയും ചെയ്തു. കോവിഡ് ഹോട്സ്പോട്ടായ ധാരാവി ചേരിയിൽ ഇതുവരെ 1478 പേർക്കാണ് രോഗം ബാധിച്ചത്. മേയ് അവസാനത്തോടെ 2000ത്തോളമായി അത് ഉയരും. സാമൂഹിക അകലം അസാധ്യമായ ചേരിയിൽനിന്ന് കുടിയേറ്റക്കാരിൽ നല്ല ശതമാനം നാടുകളിലേക്ക് മടങ്ങിയത് ഏറെ ആശ്വാസമായിട്ടുണ്ട്.
എന്നാൽ, കോവിഡ് വ്യാപന പ്രതിരോധത്തിൽ ഫലം പ്രകടമാകുന്നുവെങ്കിലും ചികിത്സരംഗത്തെ പിഴവുകൾ പ്രതികൂലമാകുന്നു. ഗുരുതരാവസ്ഥയിലുള്ളവർക്ക് സമയത്ത് ചികിത്സ ലഭിക്കുന്നില്ല.
ഇതിെൻറ ഇരയായി നഗരത്തിൽ ഒരു ഡോക്ടറും മരിച്ചു. ലക്ഷത്തോളം കിടക്കകൾ തയാറാക്കിയെങ്കിലും ചികിത്സ എവിടെ ലഭിക്കുമെന്ന് നിർദേശിക്കാൻ നഗരസഭക്ക് കഴിയുന്നില്ല. ഒരാഴ്ചക്കകം ഇത് പരിഹരിക്കുമെന്നാണ് നഗരസഭ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.