ബോംബ് ഭീഷണി: മുംബൈ​ നഗരത്തിലെ നിരവധി കോടതികൾ ഒഴിപ്പിച്ചു

മുംബൈ: മുംബൈ നഗരത്തിലെ ഹൈകോടതി ഉൾപ്പടെയുള്ള നിരവധി കോടതികളിൽ ബോംബ് ഭീഷണി. ഇമെയിൽ വഴി ഭീഷണി ലഭിച്ചതിനെ തുടർന്ന് പരിശോധനയുടെ ഭാഗമായി കോടതിക്കുള്ളിലുള്ളവരെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡും സുരക്ഷാ സേനയും നടത്തിയ വിശദമായ പരിശോധനയിൽ കോടതി പരിസരത്ത് നിന്നും ഇതുവരെ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.

മുംബൈ നഗരത്തിലെ നിരവധി കോടതികൾക്കാണ് ബോംബ് ഭീഷണി ലഭിച്ചിച്ചത്. ബന്ദ്ര മജിസ്ട്രേറ്റ്, മുംബൈ ഹൈകോടതി, എസ്പലനേഡ് കോടതി, ദക്ഷിണ മുംബൈയിലെ രണ്ട് കോടതികൾ തുടങ്ങിയ നഗരത്തിലെ പ്രധാനപ്പെട്ട കോടതികളിലാണ് ഭീഷണി ലഭിച്ചത്. ഭീഷണി ലഭിച്ച എല്ലാ സ്ഥലങ്ങളിലും വിശദമായ പരിശോധന നടത്തിയിട്ടുണ്ടെന്നും കോടതികൾ സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു.

ഭീഷണി ലഭിച്ചയുടൻ സ്ഥലത്തെത്തിയ പൊലീസ് കോടതി മുറിയിലുള്ള ജീവനക്കാരടക്കം എല്ലാവരെയും ഒഴിപ്പിച്ച ശേഷമാണ് പരിശോധന നടത്തിയത്. ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്നും ഭീഷണിക്ക് പിന്നിലുള്ളവരുടെ ലക്ഷ്യമെന്താണെന്നും മനസ്സിലാക്കുന്നതിന് വേണ്ടി വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ബോംബ് ഭീഷണിയെ തുടർന്ന് കോടതി നടപടികൾ നിർത്തിവെച്ചു. മുംബൈ ഹൈക്കോടതി പരിസരം ഉൾപ്പെടെ ഭീഷണി ലഭിച്ച സ്ഥലങ്ങളിൽ സമഗ്രമായ പരിശോധനകൾ നടത്താൻ ബോംബ് നിർമാർജന സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. നാഗ്പൂരിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും ബോംബ് സ്ഫോടനമുണ്ടാകുമെന്ന് ഇമെയിലിൽ പറഞ്ഞിരുന്നതായി നാഗ്പൂരിൽ നിന്നുള്ള അഭിഭാഷകർ സ്ഥിരീകരിച്ചു. അജ്ഞാത വ്യക്തിയിൽ നിന്ന് കോടതിക്ക് ഇമെയിൽ ലഭിച്ചതിനെ തുടർന്ന് കോടതി പരിസരം പരിശോധിച്ചു. ഇവിടുന്നും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.

സെപ്റ്റംബർ 12 നും 19 നും ഇമെയിലുകൾ വഴി മുംബൈ ഹൈകോടതിക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. വിശദമായ പരിശോധനകൾക്ക് ശേഷം ഇവ വ്യാജമാണെന്ന് കണ്ടെത്തി. ഡൽഹി ഹൈകോടതിക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇത് കോടതിയി​ലെ പ്രവർത്തനം നിർത്തിവക്കാനും ആളുകളെ ഒഴിപ്പിക്കാനും കാരണമായിരുന്നു.

Tags:    
News Summary - Mumbai courts evacuated after bomb threat emails; police confirm no danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.