തിരുപ്പതി: തിരുപ്പതി തിരുമല ക്ഷേത്രത്തിലെ എൽ.ഇ.ഡി സ്ക്രീനിൽ ഭക്തിഗാനത്തിന് പകരം ഹിന്ദിപാട്ട് പ്രദർശിപ്പിച്ചതിൽ വിവാദം. ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ഷോപ്പിങ് കോംപ്ലക്സിന് സമീപത്തെ എൽ.ഇ.ഡി സ്ക്രീനിലാണ് ഹിന്ദിപാട്ട് പ്രദർശിപ്പിച്ചത്. 15 മിനിറ്റോളം ഇത്തരത്തിൽ ഹിന്ദിപാട്ട് എൽ.ഇ.ഡി സ്ക്രീനിൽ പ്രദർശിപ്പിച്ചുവെന്നാണ് ആരോപണം. ഇതിന്റെ വിഡിയോയും ചിത്രങ്ങളും വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നുണ്ട്.
അതേസമയം, സാങ്കേതിക തകരാറാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് തിരുപ്പതി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ധർമ്മ റെഡ്ഡിയുടെ വിശദീകരണം. ഉടൻ തന്നെ ജീവനക്കാർക്ക് തകരാർ പരിഹരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. ഇതാദ്യമായല്ല തിരുപ്പതി ക്ഷേത്രത്തിലെ എൽ.ഇ.ഡി സ്ക്രീനിന് സാങ്കേതിക തകരാർ സംഭവിക്കുന്നത്. മുമ്പ് സ്ക്രീനിലൂടെ സ്വകാര്യ ടെലിവിഷൻ ചാനലിലെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതും വിവാദമായിരുന്നു.
അതേസമയം, വിവാദത്തിൽ പ്രതികരണവുമായി ബി.ജെ.പി ആന്ധ്രപ്രദേശ് അധ്യക്ഷൻ സോമു വിരരാജു രംഗത്തെത്തി. ശ്രീ വെങ്കിടശ്വേര ഭക്തി ചാനലിൽ രാഷ്ട്രീയക്കാരുടെ ഇടപെടലിനെ കുറിച്ച് അദ്ദേഹം ചോദ്യം ഉന്നയിച്ചു. തിരുമല തിരുപ്പതി ദേവസ്വത്തിന്റെ 80 ശതമാനം ഫണ്ടും ഹിന്ദു ധർമ്മപ്രചാരണത്തിനായി ചെലവാക്കിയിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.