കർണാടകയിൽ ഹിന്ദുത്വ പ്രവർത്തകർക്കെതിരായ കേസുകൾ റദ്ദാക്കാൻ നീക്കം

ബംഗളൂരു: കർണാടകയിലെ തീവ്ര ഹിന്ദുത്വ പ്രവർത്തകർക്കെതിരെയും ബി.ജെ.പി പ്രവർത്തകർക്കെതിരെയുമുള്ള ക്രിമിനൽ കേസുകൾ ഉൾപ്പെടെ റദ്ദാക്കാൻ സർക്കാർ നീക്കം. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രത്യേകിച്ച് ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലായി നിരവധി ഹിന്ദുത്വ പ്രവർത്തകർക്കും ബി.ജെ.പി പ്രവർത്തകർക്കുമെതിരെയുള്ള പൊലീസ് കേസുകൾ വ്യാജമാണെന്നും അവ പിൻവലിക്കണമെന്നും സാമൂഹിക ക്ഷേമ-പിന്നാക്ക ക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുമായി ഇദ്ദേഹം ചർച്ച നടത്തി. തുടർന്ന്​ ഇക്കാര്യം അനുകൂലമായി പരിഗണിക്കുമെന്നും എല്ലാ ജില്ലകളിൽനിന്നും ഇത്തരം കേസുകളുടെ വിവരം ശേഖരിച്ച് മന്ത്രിസഭക്കു മുമ്പാകെ കൊണ്ടുവന്ന് അനുകൂല നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ഉറപ്പു നൽകി.

കഴിഞ്ഞ വർഷം അവസാനം ബി.എസ്. യെദിയൂരപ്പ സർക്കാറിന്‍റെ കാലത്തും അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈ, മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ ഉൾപ്പെടെ റദ്ദാക്കാൻ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പി പ്രവർത്തകർക്കും ഹിന്ദുത്വ പ്രവർത്തകർക്കുമെതിരായ കേസുകൾ പിൻവലിക്കാൻ നീക്കം നടക്കുന്നത്. മുൻ സർക്കാറുകൾ രാഷ്​​ട്രീയ പ്രേരിതമായാണ് വ്യാജ കേസുകൾ ഹിന്ദുത്വ-ബി.ജെ.പി പ്രവർത്തകർക്കെതിരെ എടുത്തതെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി ആരോപിച്ചു. മറ്റു സംഘടനകളുടെ പ്രവർത്തകരുടെ കേസുകൾ മുൻ സർക്കാറുകൾ പിൻവലിച്ചപ്പോൾ ഹിന്ദുത്വ പ്രവർത്തകരുടെ കേസുകൾ റദ്ദാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലായി ഉണ്ടായ സംഘർഷങ്ങളിലും മറ്റുമായി നിരവധി ഹിന്ദുത്വ പ്രവർത്തകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം. 2019ൽ യെദിയൂരപ്പ സർക്കാറിന്‍റെ കാലത്ത് ഇപ്പോൾ ആഭ്യന്തര മന്ത്രിയായ അരഗ ജ്ഞാനേന്ദ്ര, ഹിന്ദുത്വ പ്രവർത്തകർക്കെതിരായ പൊലീസ് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടിരുന്നു.

അരഗ ജ്ഞാനേന്ദ്രയുടെ മണ്ഡലമായ ശിവമൊഗ്ഗയിലെ തീർഥഹള്ളിയിലെ 300ലധികം ഹിന്ദുത്വ -ബി.ജെ.പി പ്രവർത്തകർക്കെതിരെ 2014ൽ രജിസ്​റ്റർ ചെയ്ത കേസുകൾ റദ്ദാക്കാനുള്ള പ്രതിഷേധങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു. അന്നത്തെ സിദ്ധരാമയ്യ സർക്കാർ രാഷ്​​ട്രീയപ്രേരിതമായാണ് കേസെടുത്തതെന്നാണ് ആരോപണം. പ്രായപൂർത്തിയാകാത്ത െപൺകുട്ടിയുടെ മരണത്തിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ച 300ലധികം പ്രവർത്തകർക്കെതിരെയായിരുന്നു കേസ്. പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.

Tags:    
News Summary - Move to cancel cases against Hindutva activists in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.