മുഖ്യമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ നിന്ന് പിന്നോട്ടില്ല, അമ്മ കുഞ്ഞിന് എല്ലാം നൽകുമെന്ന് ഡി.കെ. ശിവകുമാർ

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. എന്നാൽ പാർട്ടി തീരുമാനത്തെ അനുസരിക്കുമെന്നും പിന്നിൽ നിന്ന് കുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ഡൽഹിയിൽ ചെലവഴിക്കുകയും കോൺഗ്രസ് നേതാക്കളെ കണ്ട് ചർച്ച നടത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയാകാൻ കൂടുതൽ സാധ്യത സിദ്ധരാമയ്യക്കാണ്. എന്നാൽ കാത്തിരുന്നു കാണാം എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയിലെ യോഗം വയറുവേദനയാണെന്ന് പറഞ്ഞ് ഡി.കെ ശിവകുമാർ അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഇന്ന് രാവിലെ അദ്ദേഹം ഡൽഹിയിൽ എത്തിയിട്ടുണ്ട്.

‘പാർട്ടിയാണ് എന്റെ ദൈവം. ഞങ്ങൾ ഈ പാർട്ടിയെ കെട്ടിപ്പടുത്തു. ഞാനതിന്റെ ഭാഗമാണ്. ഞാൻ ഒറ്റക്കല്ല.’ - എന്ന് ശിവകുമാർ ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് വിമാനം കയറും മുമ്പ് പറഞ്ഞു.

‘ഞങ്ങളാണ് ഈ പാർട്ടിയെ കെട്ടിപ്പടുത്തത്. ഞങ്ങളാണ് ഈ വീടുണ്ടാക്കിയത്. ഞാനതിന്റെ ഭാഗമാണ്. ഒരമ്മ എല്ലാം അവരുടെ കുഞ്ഞിന് നൽകും’. - അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിൽ കോൺഗ്രസ് ജയിച്ചതിന് പാ​രിതോഷികം ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഡി.കെ. ശിവകുമാറിന്റെ വാക്കുകൾ.

‘പാർട്ടിക്ക് ആവശ്യമുണ്ടെങ്കിൽ എന്നെ ഉത്തരവാദിത്തം ഏൽപ്പിക്കാം. ഞങ്ങളുടെത് ഐക്യമുള്ള വീടാണ്. അതിൽ 135 അംഗങ്ങളുണ്ട്. ഇവിടെ നിന്ന് ആരെയും ഭിന്നിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് എന്നെ ഇഷ്ടമായാലും ഇല്ലെങ്കിലും, ഞാൻ ഉത്തരവാദിത്തമുള്ള മനുഷ്യനാണ്. ഞാൻ പിന്നിൽ നിന്ന് കുത്തുകയില്ല. ഭീഷണിപ്പെടുത്തുകയുമില്ല.’ - ശിവകുമാർ വ്യക്തമാക്കി.

224 അംഗ നിയമ സഭയിൽ 135 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷം നേടിക്കൊണ്ടാണ് കർണാടകയിൽ കോൺഗ്രസ് ജയിച്ചത്. അതിനു പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന ചർച്ച ഉയർന്നത്. മൂന്നാം ദിവസവും ഈ ചർച്ചക്ക് ഉത്തരമായിട്ടില്ല. 75 കാരനായ സിദ്ധരാമയ്യ മുൻ മുഖ്യമന്ത്രി കൂടിയാണ്. 61കാരനായ ശിവകുമാറാകട്ടെ സംസ്ഥാനത്തെ പാർട്ടി അധ്യക്ഷനും. ഭൂരിഭാഗം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തങ്ങളെ പിന്തുണക്കുന്നു​വെന്നാണ് ഇരു നേതാക്കളും അവകാശപ്പെടുന്നത്. കോൺഗ്രസിനാണെങ്കിൽ അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് വേണം തീരുമാനമെടുക്കാൻ.

Tags:    
News Summary - "Mother Will Give All": DK Shivakumar Amid Congress Chief Minister Dilemma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.