സ്കൂളിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിലായിരുന്നു മുർഷിദ്. എത്രയും പെട്ടെന്ന് വീട്ടിലെത്തി എന്തെങ്കിലും കഴിക്കണമെന്നായിരുന്നു ആ സമയത്ത് അവന്റെ മനസിലുണ്ടായിരുന്ന ഒരേയൊരു ചിന്ത. എന്നാൽ വീട്ടിൽ ഒന്നുമുണ്ടായിരുന്നില്ല. കാരണം അവന്റെ വീട്ടിലെ സ്റ്റൗ കേടായിരിക്കുകയായിരുന്നു.
അതൊന്ന് ശരിയാക്കി എടുക്കാനുള്ള തത്രപ്പാടിലായിരുന്നു ആ 12 കാരന്റെ ഉമ്മ ജോഹന. വിശന്നിരിക്കണ്ട എന്നും പറഞ്ഞ് വീട്ടിലുള്ളവർക്ക് സമൂസ വാങ്ങിക്കൊണ്ടുവരാനാണ് അവൻ സ്കൂൾ ബാഗും ഒരിടത്ത് വെച്ച് വീട്ടിൽ നിന്നിറങ്ങിയത്.
''അവൻ നന്നായി വിശന്നാണ് വീട്ടിലെത്തിയത്. ഹിന്ദി പരീക്ഷയായിരുന്നു അവന്. വീട്ടിലെത്തി എന്തെങ്കിലും കഴിക്കാനുണ്ടോ എന്നാണ് അവൻ ആദ്യം ചോദിച്ചത്. സ്റ്റൗ കേടായതിനാൽ ഒന്നും ഉണ്ടാക്കിയിരുന്നില്ല. തുടർന്ന് എല്ലാവർക്കും സമൂസ വാങ്ങി വരാം എന്നും പറഞ്ഞവൻ വീട്ടിൽ നിന്നിറങ്ങി''-ജോഹന കണ്ണീരോട് പറയുന്നു.
സൗത്ത് ഡൽഹിയിലെ വസന്ത് കുഞ്ജിലെ ചേരിയിലായിരുന്നു ആ കുടുംബം താമസിച്ചിരുന്നത്.
പോയ വേഗത്തിൽ മുർഷിദ് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. സൈക്കിളിൽ ആയിരുന്നു അവൻ കടയിലേക്ക് പോയത്. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വന്നൊരു ഥാർ അവന്റെ സൈക്കിളിൽ ഇടിച്ചു. തെറിച്ചുവീണ അവൻ ആ വണ്ടിയുടെ ചക്രങ്ങൾക്കിടയിൽ ചതഞ്ഞു.
''എന്റെ കുഞ്ഞ്...വിശന്നാണവൻ മരിച്ചത്. ആ ദിവസം അവനൊന്നും കഴിച്ചിരുന്നില്ല''-ജോഹനക്ക് കണ്ണീർ അടക്കാനായില്ല.
എല്ലാവരോടും നല്ല പരിഗണനയുള്ള കുട്ടിയായിരുന്നു മുർഷിദ് എന്നും അവർ പറയുന്നു.
അപകടമുണ്ടായപ്പോൾ അതു വഴി കടന്നുപോയവരാരും അവനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല. പകരം ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായിരുന്നു അവർക്ക് തിടുക്കം.
ആശുപത്രി ഒട്ടും അകലെയായിരുന്നില്ല. എന്നാൽ ആരും അവനെ അവിടേക്ക് എത്തിച്ചില്ല. ആരോ ഒരാൾ പറഞ്ഞറിഞ്ഞ് വിവരമറിയിച്ചപ്പോഴേക്കും ഞങ്ങളവിടെയെത്തി. അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.-മുർഷിദിന്റെ മൂത്ത സഹോദരി താരന പറയുന്നു.
രക്ഷിക്കാൻ കഴിയുമായിരുന്നു ഒരു ജീവനാണ് ആളുകൾ ഇടപെടാതെ മാറിനിന്ന് ഇല്ലാതാക്കിയത്. സംഭവത്തിന് കാരണക്കാരായ ആളെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഒരിക്കലും ഞങ്ങളെ ഇക്കാര്യം പൊലീസ് അറിയിച്ചില്ല. ഒരുപാട് തവണ ഞങ്ങൾ പൊലീസിനെ വിളിച്ചു. അവർ പ്രതികരിച്ചതേയില്ല.-താരന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.